വിമാനത്താവളങ്ങളിലെ ചായയുടെയും ലഘുഭക്ഷങ്ങളുടെയും വില എപ്പോഴും പലരെയും അലട്ടാറും അതിശയിപ്പിക്കാറുമുണ്ട്. മറ്റ് ഭക്ഷങ്ങളുടെ കാര്യം പിന്നെ പറയുകയേ വേണ്ട. അതുകൊണ്ട് തന്നെ പലരും വിമാനത്താവളങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കാറാണ് പതിവ്.
എന്നാല്‍ ഈയൊരു പ്രതിസന്ധിക്ക് ആശ്വാസമാകുകയാണ് വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ എയര്‍ പാസഞ്ചര്‍ കഫേ. 'ഉദാന്‍ യാത്രി കഫേ'യെന്ന പേരിട്ട ഈ പാസഞ്ചര്‍ കഫേ കൊല്‍ക്കത്തയിലെ നേതാജി സുഭാസ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്തവാളത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ നടപ്പാക്കുന്നത്.
വ്യോമയാന മന്ത്രാലയത്തിന്റെ റീജണല്‍ കണക്ടിവിറ്റി പദ്ധതിയുടെ എട്ടാം വാര്‍ഷികവും വിമാനത്താവളത്തിന്റെ 100ാം വര്‍ഷവും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 21ന് കഫേ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരാപു രാം മോഹന്‍ നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു.
ഡിപ്പാര്‍ച്ചര്‍ ഏരിയയിലാണ് കഫേയുണ്ടാകുകയെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. ഇതിലൂടെ ചായ, കോഫി, ലഘുഭക്ഷങ്ങള്‍, വെള്ളം തുടങ്ങിയവ മിതമായ വിലയ്ക്ക് ലഭ്യമാകും. ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് ഉദാന്‍ യാത്രി കഫേ നടത്തിപ്പിനുള്ള അനുമതി.
Content Highlights: Udan Yatri Cafe by central government for affordable refreshments at airports