ഞാനും ഒരു വര്‍ണ പട്ടമായിരുന്നു എന്നു പാടിയിരുന്നാല്‍ മതിയോ? പോകാം വര്‍ണ പട്ടങ്ങള്‍ നിറയുന്ന ആകാശം കാണാന്‍

ഗുജറാത്തിന്റെ ആകാശത്തില്‍ വര്‍ണ പട്ടങ്ങളുയരാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളൂ. ജനുവരി 11 മുതല്‍ 14 വരെയാണ് കൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്.

dot image

പുതുവര്‍ഷം ഒരു യാത്രയോടെ ചില്ലായി തുടങ്ങിയാലോ..? ഇന്‍സ്റ്റഗ്രാമില്‍ യാത്രാ റീലുകള്‍ കണ്ട് ഞാനും ഒരു വര്‍ണ പട്ടമായിരുന്നു എന്നു ചിന്തിച്ചിരിക്കുകയാണോ നിങ്ങള്‍. എന്നാല്‍ വൈകേണ്ട, പുതുവര്‍ഷത്തെ ആദ്യയാത്ര ആകാശത്തുയരുന്ന ബഹുവര്‍ണ പട്ടങ്ങള്‍ കാണാന്‍ തന്നെയായാലോ?

നിങ്ങള്‍ക്കറിയാമോ.. വിവിധ യാത്രാ വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിനോദ സഞ്ചാരികള്‍ ജനുവരിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ ഇന്ത്യയുമുണ്ട്. ഗുജറാത്തില്‍ ജനുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലാണ് അതിനൊരു പ്രധാന കാരണം. അതേ, ഗുജറാത്തിന്റെ ആകാശത്തില്‍ വര്‍ണ പട്ടങ്ങളുയരാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളൂ. ജനുവരി 11 മുതല്‍ 14 വരെയാണ് അഹമ്മദാബാദ് വല്ലഭ് സദനില്‍ സബര്‍മതി നദീതീരത്തായി കൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഒന്നും രണ്ടുമല്ല അമ്പതുരാജ്യങ്ങളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

പട്ടംപറത്തല്‍ കാലങ്ങളായി ഇന്ത്യക്കാരുടെ ഒരു വിനോദമാണെങ്കിലും അത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന വിധത്തിലേക്കുയര്‍ത്തിയത് ഗുജറാത്ത് ടൂറിസം വകുപ്പാണ്. 1989 മുതലാണ് കൈറ്റ് ഫെസ്റ്റിവലിന് ടൂറിസം വകുപ്പ് തുടക്കം കുറിക്കുന്നത്. രാജഭരണകാലത്ത് രാജാക്കന്മാരുടെ വിനോദമായിരുന്നു പട്ടം പറത്തല്‍. പിന്നീട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരോത്സവമായി ഇതുമാറി. ഇന്ന് പല രാജ്യങ്ങള്‍ പങ്കെടുക്കുന്ന മത്സരമായി കൈറ്റ് ഫെസ്റ്റിവല്‍ മാറിയിരിക്കുന്നു.

മകര സംക്രാന്തിയോട് അനുബന്ധിച്ചാണ് പട്ടം പറത്തല്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗുജറാത്തുകാരുടെ വിളവെടുപ്പുത്സവം. കൂട്ടുകാരും ബന്ധുക്കളുമായി ടെറസില്‍ കയറി പല വര്‍ണങ്ങളിലുള്ള പട്ടം പറത്തി അവര്‍ അതാചരിക്കും. അലഹാബാദിലെത്തുന്നവര്‍ക്ക് ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത നിറങ്ങളുടെ ഉത്സവം സമ്മാനിക്കുന്ന വിധത്തിലേക്ക് വിവിധ കലാപരിപാടികളുമായി സര്‍ക്കാരും ഉത്സവത്തിന്‌റെ വര്‍ണ പൊലിമയേറ്റി.

സന്ധ്യയാകുന്നതോടെ പട്ടങ്ങളൊഴിഞ്ഞ് ആകാശം ശൂന്യമാകുമെങ്കിലും ഏഴുമണിയോടെ ഗുജറാത്തിന്റെ ആകാശങ്ങളില്‍ ലാന്റേണുകള്‍ ഉയരും. ഒന്‍പതുവരെയാണ് ദീപങ്ങള്‍ ആകാശത്തുയരുക. കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ച... കൈറ്റ് ഫെസ്റ്റിവല്‍ മാത്രമല്ല, പട്ടേല്‍ പ്രതിമയും ഗുജറാത്ത് മധുര വിഭവങ്ങളും ഉള്‍പ്പെടെ വേറെയുമുണ്ട് ഗുജറാത്തില്‍ പരിചയപ്പെടാന്‍. കപ്പലണ്ടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മധുര വിഭവമായ ചിക്കി, പാപ്ടി, ഗജക്, ലഡ്ഡു, ഹല്‍വ ഗോതമ്പ് മാവുപയോഗിച്ചുണ്ടാക്കുന്ന ഗുജറാത്തിന്റെ തനതായ മധുര വിഭവം തുടങ്ങി ഭക്ഷണ പ്രിയരാണെങ്കില്‍ രുചിച്ചുനോക്കാന്‍ ഒട്ടേറെ മധുര വിഭവങ്ങളാണ് ഇവിടെയുള്ളത്.

Content Highlights: Must visit places in India, Gujarat Kite Festival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us