റോഡില്‍ മഞ്ഞ നിറത്തിലുളള ചതുരക്കളങ്ങള്‍ വരച്ചിരിക്കുന്നത് നമ്മളില്‍ പലരും വാഹനമോടിക്കുമ്പോള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ പലര്‍ക്കും ഇത് എന്താണെന്ന് അറിയില്ല. ഇത് വെറും മഞ്ഞവരയല്ലെന്ന് പറഞ്ഞുതരികയാണ് എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വാഹനം ഓടിക്കുന്നവര്‍ക്ക് പൊതുവേ മനസ്സിലാകാത്ത റോഡ് മാര്‍ക്കിംഗ് ആണ് ഇത്. തിരക്കുള്ള ജംഗ്ഷനുകളില്‍ തടസ്സം കൂടാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് ഈ ചതുരക്കളങ്ങള്‍. റോഡ് മാര്‍ക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ (Hazard) സാഹചര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നത്. ബോക്‌സ് മാര്‍ക്കിംഗിന്റെ ഗണത്തില്‍ പെട്ട ( IRC Code BM-06) മാര്‍ക്കിങ് ആണിത്.
ഒരേ ദിശയില്‍ വാഹനങ്ങള്‍ വരുമ്പോള്‍ ഈ മഞ്ഞ ചതുരക്കളങ്ങളില്‍ നിര്‍ത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഡ്രൈവര്‍മാര്‍ അവിടേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നതാണ് ഇതിന്റെ ലളിതമായ തത്വം. അതായത് ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക. ഒരു കാരണവശാലും അവിടെ വാഹനം നിര്‍ത്താനോ പാര്‍ക്ക് ചെയ്യാനോ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചതുരക്കളങ്ങള്‍ക്ക് അപ്പുറം കടക്കാം എന്നുറപ്പുള്ളപ്പോള്‍ മാത്രമേ അതിലേക്ക് പ്രവേശിക്കാന്‍ നമുക്ക് അനുവാദമുള്ളൂ. അസൗകര്യം ഉള്ള സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍, റൗണ്ട് എബൗട്ടുകള്‍ തുടങ്ങിയവ ഒഴിവാക്കാം എന്ന സൗകര്യവും ഈ മാര്‍ക്കിങ്ങിനുണ്ട്. ട്രാഫിക് തിരക്കുകള്‍ സ്വയം നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള പരിഷ്‌കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് മഞ്ഞ ചതുരക്കളങ്ങള്‍.
Content Highlights : Do you know what is the yellow box on the road?