ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരമെന്ന ടൈറ്റില്‍ ബെംഗളുരുവിനെ മറികടന്ന് കൊല്‍ക്കത്ത സ്വന്തമാക്കി. 2024ലെ ടോം ടോം ട്രാഫിക് ഇന്‍ഡക്‌സ് അനുസരിച്ച് ലോകത്തില്‍ പതുക്കെ നീങ്ങുന്ന നഗരങ്ങളില്‍ രണ്ടാംസ്ഥാനത്താണ് കൊല്‍ക്കത്ത. കൊളംബിയയിലെ ബാരന്‍ക്വിലയാണ് ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ നഗരം. മൂന്നും നാലും സ്ഥാനം ബെംഗളുരുവിനും പുണെയ്ക്കുമാണ്.
ലോകത്തിലെ പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്കുകള്‍ വിലയിരുത്തുന്ന കമ്പനിയാണ് ടോംടോം. ഇവരുടെ കണക്കുപ്രകാരം കൊല്‍ക്കത്തയുടെ ശരാശരി വേഗത മണിക്കൂറില്‍ 17.4 കിലോമീറ്ററാണ്. പത്തുകിലോമീറ്റര്‍ കടന്നുകിട്ടുന്നതിനായി ഏകദേശം 33 മിനിട്ട് 33 സെക്കന്റ് സമയമാണ് എടുക്കുന്നത്. ബെംഗളുരു തൊട്ടുപിന്നില്‍ തന്നെയുണ്ട്. പത്തുകിലോമീറ്റര്‍ കടന്നുകിട്ടാന്‍ ബെംഗളുരുവില്‍ എടുക്കുന്നത് 34 മിനിട്ടും 10 സെക്കന്റുമാണ്. പുണെയില്‍ ഇത് 33 മിനിട്ടും 22 സെക്കന്റുമാണ്.
വേഗതക്കുറവില്‍ ഒന്നാം സ്ഥാനത്തുള്ള കൊളംമ്പിയന്‍ നഗരത്തില്‍ പത്തുകിലോമീറ്റര്‍ താണ്ടുന്നതിനായി 36 മിനിട്ടുകളാണ് വേണ്ടത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ലണ്ടനാണ്. പട്ടികയില്‍ ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ ഇന്ത്യന്‍ നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഇതിനുപുറമേ അഹമ്മദാബാദ്, എറണാകുളം, ജയ്പുര്‍ എന്നീ നഗരങ്ങളും ലോകത്തെ ഗതാഗതക്കുരുക്കുള്ള നഗരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നു. പത്തുകിലോമീറ്റര്‍ പിന്നിടാന്‍ അഹമ്മദാബാദ്, എറണാകുളം, മുംബൈ നഗരങ്ങളില്‍ വേണ്ടത് 29 മിനിറ്റാണ്. ഏറെ തിരക്കുള്ള ന്യൂഡല്‍ഹി പട്ടികയില്‍ ഏറെ പിന്നിലാണെന്നതാണ് കൗതുകകരം