![search icon](https://www.reporterlive.com/assets/images/icons/search.png)
ഓണ്‍ലൈന്‍ യാത്രാതട്ടിപ്പുകള്‍ ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുകയാണ്. അടുത്തിടെ ഗൂഗിള്‍ ലിസ്റ്റിംഗ് വഴി ഹോട്ടല്‍ ബുക്ക് ചെയ്ത് തട്ടിപ്പിനിരയായ യുവതി തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കണ്ടന്റ് ക്രിയേറ്ററായ ശ്രേയ മിത്രയാണ് ഹോളി സമയത്ത് പുരി സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടതും തട്ടിപ്പിനിരയായതും. 'raising-shaan' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ശ്രേയ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിനായി ഗൂഗിളില്‍ തിരയുകയും വെബ്‌പേജില്‍ ക്ലിക് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച് താമസം ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അവര്‍ ശ്രേയക്ക് മുറിയുടെ ചിത്രങ്ങളും വിശദാംശങ്ങളും അയക്കുകയും ചെയ്തു. പിന്നീടവര്‍ റൂം ബുക്ക് ചെയ്യാന്‍ തീരുമാനിക്കുകയും പണം അയക്കുകയുമായിരുന്നു. 93,600 രൂപയാണ് ശ്രേയ അയച്ചുനല്‍കിയത്. തട്ടിപ്പുകാര്‍ അവള്‍ക്ക് ഒരു വ്യാജ ഇന്‍വോയ്‌സും അയച്ചു. എന്നാല്‍ ശ്രേയ ഇമെയില്‍ വഴി സ്ഥിരീകരണം ആവശ്യപ്പെട്ടപ്പോള്‍ സിസ്റ്റം പ്രവര്‍ത്തനരഹിതമാണന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ ഒഴിയുകയായിരുന്നു.
പിറ്റേദിവസം രാവിലെ ഒരാള്‍ പെണ്‍കുട്ടിയെ വിളിച്ച് ഗൂഗിള്‍ പേയില്‍ ക്ലിക്ക് ചെയ്ത് ആറ് അക്കങ്ങളുളള ബുക്കിംഗ് ഐഡി നല്‍കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ശ്രേയക്ക് സംശയം തോന്നിയത്. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അവര്‍, ഹോട്ടലിന്റെ ഔദ്യോഗിക ഇ-മെയില്‍ ഐഡി കണ്ടെത്തുകയും അവരുമായി ബന്ധപ്പെടുകയുമായിരുന്നു. തന്റെ സംഭാഷണത്തിന്റെയും ബുക്കിംഗിന്റെയും എല്ലാ വിവരങ്ങളും അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അപ്പോഴാണ് അവര്‍ ഉപയോഗിച്ച ലിസ്റ്റിംഗ് പൂര്‍ണ്ണമായും വ്യാജമാണെന്ന് അറിയുന്നത്. സൈബര്‍ ക്രൈം വകുപ്പ് വ്യാജ ഗൂഗിള്‍ ലിസ്റ്റിംഗ് നീക്കം ചെയ്യുകയും നിലവില്‍ അന്വേഷണം നടത്തിവരികയുമാണ്.
Content Highlights :Things to keep in mind while booking hotels online