
സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കണ്ടെത്തിയ മാര്‍ഗം വലിയ തിരിച്ചടിയായിരിക്കുകയാണ് ചൈനയിലെ ഒരു മൃഗശാലയ്ക്ക്. മൃഗശാലയില്‍ സീബ്രയില്ല, പിന്നെന്തുചെയ്യും അവിടെയുണ്ടായിരുന്ന കഴുതയെ ചിടിച്ചങ്ങ് പെയിന്റടിച്ചു. കറുപ്പും വെളുപ്പും വരകള്‍ വരച്ചായിരുന്നു കഴുതയുടെ 'മേക്കപ്പ്'. എന്നാല്‍ ഇത് കൃത്യമായി ചെയ്യാത്തതുകൊണ്ട് തന്നെ പെട്ടെന്ന് പണി കിട്ടുകയും ചെയ്തു. പിന്നാലെ വലിയ വിമര്‍ശനമാണ് മൃഗശാല അധികൃതര്‍ക്കെതിരെ ഉണ്ടാകുന്നത്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ സിബോ സിറ്റി അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴുതയുടെ ശരീരത്തില്‍ കറുപ്പും വെളുപ്പും വരകള്‍ വരച്ചാണ് സീബ്രയാക്കി മാറ്റാന്‍ ശ്രമിച്ചത്. വരകള്‍ ശരിയായി വരക്കാത്തതു കൊണ്ടു തന്നെ കള്ളം എളുപ്പത്തില്‍ പൊളിഞ്ഞു. കൂടാതെ നിറങ്ങള്‍ ഇടകലര്‍ന്നതും തിരിച്ചടിയായി. കഴുതയ്ക്ക് പെയിന്റ് അടിച്ച സംഭവം മൃഗശാല അധികൃതര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഒരു മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു ഇതെന്നാണ് ഇവര്‍ പറയുന്നത്.
ഇത്തരം കളറുകള്‍ മൃഗങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ടെന്നും ഇവ ഹാനീകരമല്ലെന്നുമുള്ള വിചിത്രവാദവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. മൃഗശാല ഉടമ ഒരു തമാശയ്ക്ക് ചെയ്തതാണ് ഇതെന്നാണ് ജീവനക്കാരില്‍ ഒരാള്‍ പ്രതികരിച്ചത്. പ്രദേശത്തെ മറ്റൊരു മൃഗശാലയില്‍ നേരത്തെ പട്ടിയെ പെയിന്റ് അടിച്ച് പാണ്ടയാക്കിയിട്ടുണ്ടെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.
മൃഗശാല അധികൃതരുടെ ഈ 'തന്ത്ര'ത്തിനെതിരെ നിരവധി പേരാണ് രംഗത്തുവരുന്നത്. മൃഗങ്ങളോടും സന്ദര്‍ശകരോടും കാട്ടുന്ന കടുത്ത അനീതിയാണ് ഇതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. സമാനമായ സംഭവങ്ങള്‍ നേരത്തെയും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്തെ മറ്റൊരു മൃഗശാലയില്‍ നായയെ പെയിന്റ് അടിച്ച് കടുവയാക്കാനാണ് നേരത്തെ ശ്രമിച്ചത്.
Content Highlights: Chinese zoo paints donkeys black and white to look like zebra