
നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) പുറത്തുവിട്ട പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ടോള്‍ നിരക്കിന്റെ ഇരട്ടി തുകയാകും ഈടാക്കുക. മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് ടോളുകളിലൂടെയുടെയുള്ള യാത്ര എളുപ്പമാക്കുന്നതോടൊപ്പം പിഴയടക്കമുള്ള ശിക്ഷകള്‍ ഒഴിവാക്കാനും സഹായിക്കും.
പ്രധാന മാറ്റങ്ങള്‍ ഇവയാണ്, വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെവൈസി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാകുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.
ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും. ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.
നിയമങ്ങള്‍ തെറ്റിച്ചാല്‍ '176 കോഡ്' നേരിടേണ്ടി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഫാസ്റ്റ്ടാഗ് വഴിയുള്ള പണമടയ്ക്കല്‍ നിരസിക്കല്‍ അല്ലെങ്കില്‍ തടയല്‍ എന്നാണ് 176 കോഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഫാസ്റ്റ് ടാഗ് സജീവമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ഫാസ്റ്റ് ടാഗ് പോര്‍ട്ടല്‍ ഉപയോഗിച്ച് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്‍കി സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങളുടെ ഫാസ്റ്റ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: New FASTag rules will come into effect from tomorrow