യാത്രാദുരിതത്തിന് പരിഹാരം, കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം പൂര്‍ത്തിയാകുന്നു

കായലിന് കുറുകെ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം

dot image

കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം ആലപ്പുഴ പെരുമ്പളത്ത് പൂര്‍ത്തിയാകുന്നു.അന്തിമഘട്ട പ്രവർത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കായലിന് കുറുകെ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.

രണ്ടു കിലോമീറ്റര്‍ വീതിയും അഞ്ചു കിലോമീറ്റര്‍ നീളവും ആറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 ആണ്. 3000 ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്.

2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ട് വരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്.

ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാല്‍ ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.


പാലത്തിന്റെ സ്ട്രക്ചര്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വടുതല ജെട്ടി ഭാഗത്തെ സമീപ റോഡിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉടന്‍തന്നെ പെരുമ്പളം ഭാഗത്തെ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികളും ആരംഭിക്കും. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപ റോഡുകള്‍ നിര്‍മിക്കുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട- തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്.

Content Highlights :Kerala's largest bridge across the backwater is nearing completion

dot image
To advertise here,contact us
dot image