നീന്തൽ വസ്ത്രം ധരിച്ചുള്ള റോന്തുചുറ്റൽ ബീച്ചിൽ മതി, റോഡിൽ വേണ്ട; പിഴ മുന്നറിയിപ്പുമായി വിനോദസഞ്ചാര കേന്ദ്രം

പ്രദേശത്തെ സാംസ്‌കാരികതയും, കുടുംബ സൗഹൃദ അന്തരീക്ഷവും മറ്റും നിലനിർത്താനാണ് ഈ നീക്കം

dot image

ബീച്ചുകൾ ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകാറില്ല. വിദേശയാത്രയ്ക്കും മറ്റും ഒരു സ്ഥലം കണ്ടെത്താനായി ശ്രമിക്കുമ്പോൾ നമ്മൾ ഒരുപക്ഷെ ആദ്യം ചിന്തിക്കുക അടിച്ചു പൊളിക്കാൻ പറ്റുന്ന ബീച്ചുകൾ ഉള്ള രാജ്യങ്ങളായിരിക്കും. ഇത്തരത്തിൽ ബീച്ചുകൾ ഉള്ള രാജ്യങ്ങളിലേക്ക് യാത്രകൾ പ്ലാൻ ചെയ്യുന്നവരായിരിക്കും യാത്രക്കാരിൽ അധികവും. എന്നാൽ ഈ രാജ്യത്തെ ഒരു ബീച്ചിൽ പോകുമ്പോൾ മാത്രം ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.

തെക്കൻ പോർച്ചുഗലിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽബുഫെയ്‌റ നഗരത്തിൽ നിരവധി മനോഹരമായ ബീച്ചുകളുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇവിടം സന്ദർശിക്കുന്നവർ നിരവധിയാണ്. ഇപ്പോൾ ടൂറിസ്റ്റുകൾക്ക് ഒരു മാർഗനിർദേശം പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ.

ബീച്ചുകളിൽ ഭാഗികമായ വസ്ത്രങ്ങൾ ധരിച്ചും മറ്റുമാണ് ഭൂരിഭാഗം ടൂറിസ്റ്റുകളും എത്താറുള്ളത്. ചിലർ പൂർണ നഗ്നരായും എത്താറുണ്ട്. പുതിയ മാർഗനിർദേശം പ്രകാരം ഇത്തരം സെമി ന്യൂഡ് വേഷങ്ങൾ ധരിച്ച് ബീച്ചിന് പുറത്തുള്ള നഗരത്തിലെ തെരുവുകളിൽ അലഞ്ഞുനടക്കുന്നത് വിലക്കിയിരിക്കുകയാണ്.

ഇത്തരത്തിൽ ബിക്കിനി ധരിച്ച് തെരുവുകളിൽ നടക്കുന്നവർക്ക് കനത്ത പിഴയാണ് ചുമത്തുക. 1500 യൂറോ, അതായത് ഏകദേശം ഒന്നര ലക്ഷത്തിനടുത്ത് ഇന്ത്യൻ രൂപയായിരിക്കും പിഴ. പൂർണ നഗ്നരായാണ് കാണുന്നതെങ്കിൽ പിഴ 1800 ഡോളർ വരെ ഉയരും. നഗരത്തിൻെറ മേയർ ജോസ് കാർലോസ് മാർട്ടിനസ് റോളോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രദേശത്തിൻ്റെ സംസ്കാരവും, കുടുംബ സൗഹൃദ അന്തരീക്ഷവും മറ്റും നിലനിർത്താനായാണ് ഈ നീക്കമെന്നാണ് മേയർ അവകാശപ്പെടുന്നത്. നിലവിൽ ഈ തീരുമാനങ്ങൾ പൊതുജനാഭിപ്രായത്തിന് വിട്ടിരിക്കുകയാണ്. അവ അംഗീകരിക്കപ്പെട്ടാൽ ഈ വേനലവധിക്കാലത്ത് തന്നെ ഈ നീക്കം പ്രാബല്യത്തിൽ വരും. ഇത്തരം നിയമങ്ങൾ പൂളുകൾ, ബീച്ചുകൾ, പുറമെ ഹോട്ടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ബാധകമല്ലെന്ന് മേയർ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണം എന്നാണ് സൂചന. കഴിഞ്ഞ വർഷം പ്രദേശം സന്ദർശിച്ച ചില ബ്രിട്ടീഷ് സഞ്ചാരികൾ, ബാറിന് മുകളിലിരുന്ന് നഗ്നരായി നൃത്തം ചെയ്തതും മറ്റും വലിയ വിവാദമായിരുന്നു. ഇതിന് പുറമെ തെരുവുകളിൽ ആളുകൾ മലമൂത്ര വിസർജനം നടത്തുന്നതും അധികൃതർക്ക് വലിയ തലവേദനയായിരിക്കുകയാണ്. ഇതുകൊണ്ടാണ് ഈ നിയമങ്ങൾ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: This famous town bans bikini at roads and public places

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us