
ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ് റിപ്പോർട്ടുകൾ വെച്ചുകൊണ്ടും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ഇവയെല്ലാം ഒരു വശത്ത് നടന്നുകൊണ്ടിരിക്കെയാണ് ഐഫോണിൻ്റെ പുതിയൊരു മോഡലിനെ പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നത്.
ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ പോകുന്നുവെന്നതാണ് ആ ഊഹാപോഹം. മറ്റ് ബ്രാൻഡുകളെല്ലാം മടക്കാവുന്ന ഫോണുകൾ ഇറക്കിക്കഴിഞ്ഞെങ്കിലും ഐഫോൺ ഇതുവരെ അത്തരത്തിലൊന്ന് ഇറക്കിയിരുന്നില്ല. ഇപ്പോളിതാ ഐഫോൺ 18, ഫോൾഡബിൾ ആയിരിക്കുമെന്നതാണ് നിലനിൽക്കുന്ന 'റൂമർ'.
2026ലാകും ഈ മടക്കാവുന്ന ഐഫോൺ പുറത്തിറങ്ങുക എന്നാണറിയുന്നത്. നിലവിലുള്ള ഐഫോൺ 16 പ്രൊ മാക്സിനെക്കാളും വലുതായിരിക്കും ഫോൾഡബിൾ ആയ ഐഫോൺ. മടക്കിക്കഴിഞ്ഞാൽ 5.49 ഇഞ്ച് ഡിസ്പ്ളേയും, അല്ലാത്തപ്പോൾ 7.74 ഇഞ്ച് ഡിസ്പ്ളേയുമാണ് ഐഫോണിനുണ്ടാകുക എന്നാണ് വിവരം. ആദ്യം പുറത്തേക്ക് മടക്കാവുന്ന രീതിയിലായിരിക്കും ഫോൾഡ് ഉണ്ടാകുക എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മാർക്കറ്റിലെ നിരവധി ഫോണുകളുടെ മാതൃകയിൽ ഉള്ളിലേക്ക് മടക്കാവുന്ന രീതിയിലായിരിക്കും ഉണ്ടാകുക.
അതേസമയം, ഈ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയേക്കാവുന്ന ഐഫോൺ 17നെക്കുറിച്ചുള്ള ചില റിപ്പോർട്ടുകളും ലീക്കായിട്ടുണ്ട്. ഇൻസ്റ്റന്റ് ഡിജിറ്റൽ എന്ന ചൈനീസ് പേജിലാണ് പുതിയ ഐഫോണിനെ കുറിച്ചുള്ള വിവരങ്ങൾ വന്നത്. ഈ 'ലീക്ക്ഡ്' റിപ്പോർട്ട് പ്രകാരം ഐഫോൺ 17 പ്രൊ വേരിയന്റുകൾക്ക് വയർലെസ് റിവേഴ്‌സ് ചാർജിങ് ഉണ്ടായിരിക്കും. എയർപോഡുകളിൽ നിന്നും ആപ്പിൾ വാച്ചുകളിൽ നിന്നുമാണ് റിവേഴ്‌സ് ചാർജ് ഉണ്ടാകുക.
ഐഫോൺ 17ന്റെ ക്യാമറ ഡിസൈനിലും മാറ്റമുണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ഐഫോൺ 16ൽ പരമ്പരാഗതമായ ക്യാമറ ഷേപ്പിലും മറ്റും ആപ്പിൾ മാറ്റം വരുത്തിയിരുന്നു. ഐഫോൺ 17ൽ ഹൊറിസോണ്ടൽ ആയ, മനോഹരമായ ക്യാമറ ഷേപ്പാണ് ഉണ്ടാകുക എന്നാണ് ലീക്കായ വിവരങ്ങളിൽ നിന്ന് അറിയുന്നത്. പകുതി അലുമിനിയവും പകുതി ഗ്ലാസ് പാനലുകളുമായാണ് ഐഫോൺ 17 പുറത്തിറങ്ങുക എന്നും നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു. ഇതോടെ കാമറയുടെ ഭാഗങ്ങളിൽ അലുമിനിയം ബോഡിയും, മറ്റ് ഭാഗങ്ങളിൽ വയർലെസ് ചാർജിങ്ങിന് ഉതകുന്ന തരത്തിലുള്ള ഗ്ലാസ് ബോഡിയുമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
Content Highlights: Apple Foldable Iphone likely by 2026