
ഇതൊരു വിമാനത്താവളത്തിന്റെ കഥയാണ്. പാകിസ്താനിലെ തീരദേശ നഗരമായ ഗ്വാദറിൽ പുതുതായി നിർമ്മിച്ച ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കഥ. ഇവിടെ വിമാനമോ, യാത്രോക്കാരോ ഇല്ല, പിന്നെ എന്തിനാകും ഇത്രയും ചെലവിൽ ഇങ്ങനെയൊരു പദ്ധതി?
അതും 24 കോടി ഡോളർ ചൈനീസ് പണം ഉപയോഗിച്ച് 2024 ഒക്ടോബറിൽ പൂർത്തിയാക്കിയ വിമാനത്താവളം. 90,000 പേരുള്ള നഗരത്തില്‍ 4 ലക്ഷം പേരെ ഉള്‍കൊള്ളാനാകുന്ന വിമാനത്താവളം എന്തിനെന്നാണ് ഉയർന്ന് വരുന്ന മറ്റൊരു ചോദ്യം. ഇത് നഗരത്തിന്റെ രൂപമാറ്റം എന്നാണ് അധികരികൾ വിശേഷിപ്പിക്കുന്നത് എങ്കിലും കാര്യങ്ങൾ ഒന്ന് കൂടി അറിയാനുണ്ട്. 2019ലാണ് ഈ വിമാനത്താവളത്തിന്റെ പണി ആരംഭിച്ചത്. 4300 ഏക്കറിലുള്ള ഈ വിമാനത്താവളം ജനുവരി 30നായിരുന്നു തുറന്ന് നൽകിയത്. പാകിസ്താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ പികെ 503 വിമാനമാണ് ഇവിടെ ഇറങ്ങിയ ഏക വാണിജ്യ വിമാനം. അതും മാധ്യമങ്ങളോ പൊതുജനങ്ങളോ ഇല്ലാതെ. മാത്രമല്ല ഇവിടേക്ക് ഷെഡ്യൂൾഡ് വിമാനങ്ങളും ഇല്ല. ഈ വിമാനത്താവളത്തെ ചുറ്റിപ്പറ്റി ഉയരുന്ന ഒരു ആരോപണമാണ് ചൈനീസ് നിക്ഷേപം എന്നത്.
മേഖലയിൽ ഇതിന് മുൻപും ചൈനീസ് നിക്ഷേപം നടത്തിയിട്ടുണ്ട്. പടിഞ്ഞാറൻ സിൻജിയാങ് പ്രവിശ്യയെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ചൈന–പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കായി കഴിഞ്ഞ ദശകത്തില്‍ വലിയ നിക്ഷേപം ചൈന നടത്തിയിട്ടുണ്ട് എന്നുള്ളതും ഇതിനൊപ്പം പറഞ്ഞ് പോകാവുന്നതാണ്. പാകിസ്താൻ-ചൈന ബന്ധം പിന്തുടരുന്ന വിദേശകാര്യ വിദഗ്ധനായ അസീം ഖാലിദ് പറയുന്നതനുസരിച്ച് വിമാനത്താവളം പാകിസ്താനോ ഗ്വാദറിനോ വേണ്ടിയുള്ളതല്ല എന്നാണ്. വിമാനത്താവളം ചൈനയ്ക്കുള്ളതാണ്. ഗ്വാദറിലേക്കും ബലൂചിസ്ഥാനിലേക്കും ചൈനക്കാരെ സുരക്ഷിതമായി എത്തിക്കുന്നതിനുള്ളതാണ് വിമാനത്താവളമെന്നും അദ്ദേഹം ആരോപിക്കുന്നു.
പാകിസ്താൻ ഈ വിമാനത്താവളം നിർമ്മിച്ചത് ബലൂചിസ്ഥാനിലെ സുരക്ഷാ ഭീഷണികള്‍ക്കിടയിലാണ്. പ്രാദേശിക വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെ പാകിസ്താന്‍ സുരക്ഷാ സേനയെയും ചൈനീസ് തൊഴിലാളികളെയും പ്രവിശ്യയിലെ വിഘടനവാദ ഗ്രൂപ്പുകൾ ലക്ഷ്യമിട്ടിരുന്നു. അതിനാല്‍ തന്നെ ഗ്വാദറിലെ ചൈനീസ് നിക്ഷേപത്തിന് വലിയ സുരക്ഷയാണ് പാകിസ്താന്‍ ഒരുക്കിയത്. പ്രദേശത്തേക്കുള്ള സഞ്ചാരത്തിന് നിയന്ത്രണം കൊണ്ടുവന്നും കൂടുതല്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചും ചൈനീസ് തൊഴിലാളികളുടെ സുരക്ഷയ്ക്ക് പാകിസ്താന്‍ പ്രധാന്യം നല്‍കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളം തുറക്കുന്നത് നേരത്തെ മാറ്റിവെച്ചിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങും വെർച്വലായാണ് ഉദ്ഘാടനം നടത്തിയത്.
Content Highlights : Know about the highest airport in Pakistan