
റൺവേയിൽ വെച്ച് മറ്റൊരു വിമാനത്തിൽ കൂട്ടിയിടിക്കാതിരിക്കാൻ അവസാന നിമിഷ ലാൻഡിങ് നടത്താതെ പൈലറ്റ് വിമാനം ആകാശത്തേക്ക് വീണ്ടും പറത്തിയതോടെ ഒഴിവായത് വലിയ ദുരന്തം. ചിക്കാഗോ മിഡ് വേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗത്ത് വെസ്റ്റ് എയർലൈൻസിൻ്റെ പൈലറ്റിൻ്റെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8:50 ഓടെയാണ് സംഭവം നടന്നത്. അനുമതിയില്ലാതെ ബോംബാർഡിയർ ചലഞ്ചർ 350 എന്ന സ്വകാര്യ ജെറ്റ് റൺവേയിൽ പ്രവേശിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. സംഭവത്തിൽ എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം നടത്തുന്നുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗത്ത് വെസ്റ്റ് ഫ്ലൈറ്റ് 2504 ലാൻഡിംഗിനായി ഇറങ്ങുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് ഒരു വെളുത്ത സ്വകാര്യ ജെറ്റ് വിമാനം റൺവേയിലേക്ക് കടന്നുവന്നു. അതോടെ സൗത്ത് വെസ്റ്റ് എയർലൈൻസ് പൈലറ്റ് അവസാന നിമിഷ ലാൻ്റിങ്ങ് റദ്ദാക്കി. ആകാശത്തേക്ക് പറന്ന് റൺവേയിലുള്ള വിമാനത്തിൽ നിന്ന് അകലം പാലിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
Southwest Airline pilots SAVED THE DAY! Great job going around at the last minute to avoid a collision from a runway incursion. pic.twitter.com/FjzoqIzH73
— Combat Learjet (@Combat_learjet) February 25, 2025
പറന്നുയർന്ന വിമാനം സുരക്ഷിതമായി ചിക്കാഗോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതായി സൗത്ത് വെസ്റ്റ് അറിയിച്ചു. റൺവേയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ജെറ്റിൽ നിന്ന് 50 അടി അകലത്തിലാണ് വിമാനം പറന്നുയർന്നതെന്നാണ് റിപ്പോർട്ട്. സ്വാകര്യ ജെറ്റിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് ലഭിച്ച വിവരം തെറ്റായി മനസിലാക്കിയതാണ് ഇതിന് കാരണമെന്നാണ് വിവരം. എന്നാൽ ജെറ്റിൻ്റെ പൈലറ്റിന് റൺവേ 31ൻ്റെ മധ്യഭാഗത്ത് നിന്ന് മാറി നിൽക്കാൻ കുറഞ്ഞത് ഒൻപത് തവണയെങ്കിലും അറിയിപ്പ് നൽകിയിരുന്നുവെന്നും ആ നിർദേശങ്ങൾ അവഗണിക്കുകയായിരുന്നുവെന്നും മിഡ് വേ എയർ ട്രാഫിക് കൺട്രോൾ റൂം അറിയിച്ചു.
ഫ്ലൈറ്റ് റാഡാർ 24 പ്രകാരം നെബ്രാസ്കയിലെ ഒമാഹയിൽ നിന്നാണ് സൗത്ത് വെസ്റ്റ് വിമാനം ചിക്കാഗോ വിമാനത്താവളത്തിലെത്തിയത്. ബോംബാർഡിയർ ചലഞ്ചർ 350 എന്ന സ്വകാര്യ ജെറ്റ് ടെന്നസിയിലെ നോക്‌സ്‌വില്ലിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു.
Content Highlights: Watch: Pilot Aborts Landing To Avoid Collision With Another Jet On Runway In Chicago