വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു, മലയാളി ഡോക്ടർ ദമ്പതികൾ നേരിട്ടത് ദുരനുഭവം; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പരാതിക്കാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതിച്ചെലവും നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചത്

dot image

കുവൈറ്റ് എയര്‍വേയ്‌സില്‍ ഡോക്ടര്‍മാരായ ദമ്പതികള്‍ നേരിട്ട ദുരിത യാത്രയ്ക്ക് പകരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. വളാഞ്ചേരി സ്വദേശിയായ ഡോ. എന്‍ എം മുജീബ് റഹ്‌മാന്‍, ഭാര്യ: ഡോ. സിഎം ഷക്കീല എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി. 2023 നവംബര്‍ 30നും ഡിസംബര്‍ 10ന് ഇടയിലുമാണ് പരാതിക്കിടയായ സംഭവമുണ്ടയാത്.

ദമ്പതികള്‍ നേരിട്ട ദുരനുഭവം

നവംബര്‍ 30ന് കൊച്ചിയില്‍ നിന്ന് കുവൈറ്റ് വഴി ബാര്‍സലോണയിലേക്കും ഡിസംബര്‍ 10ന് മഡ്രിഡില്‍ നിന്ന് ഇതേ വഴി തിരിച്ചും യാത്ര ചെയ്യാന്‍ കുവൈറ്റ് എയര്‍വേയ്‌സില്‍ ബിസിനസ് ക്ലാസില്‍ ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍ തിരിച്ചുള്ള യാത്രയില്‍ ദമ്പതികളെ കുവൈറ്റില്‍ ഇറക്കുന്നതിന് പകരം ദോഹയിലാണ് ഇറക്കിയത്. വിമാനം കുവൈറ്റ് വഴിയല്ല ദോഹ വഴിയാണ് പോകുന്നതെന്ന് മഡ്രിഡില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് യാത്രക്കാരെ അറിയിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്.

മാത്രമല്ല ബിസിനസ് ക്ലാസ് ടിക്കറ്റില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന വിശ്രമസൗകര്യമോ ഭക്ഷണമോ നല്‍കിയില്ല. സ്വന്തം ചെലവില്‍ ഭക്ഷണം വാങ്ങി കഴിക്കേണ്ടിവന്നു. തുടര്‍ന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് ഇവര്‍ക്ക് ബോര്‍ഡിങ് പാസ് അനുവദിച്ചെങ്കിലും വിമാനത്തില്‍ കയറിയപ്പോള്‍ ഇറക്കിവിട്ടു.

നേരത്തെ ബുക്ക് ചെയ്തതില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂര്‍ വൈകിയാണ് പരാതിക്കാര്‍ക്ക് നാട്ടില്‍ എത്താനായത്. തുടര്‍ന്നാണ് വിമാന കമ്പനിയുടെ സേവനത്തിലെ വീഴ്ചക്കെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.അതേസമയം കുവൈറ്റില്‍ കാലാവസ്ഥ മോശമായതിനാല്‍ പരാതിക്കാരുടെ സുരക്ഷ കാരണമാണ് യാത്ര ദോഹ വഴിയാക്കിയതെന്ന് കമ്പനി വാദിച്ചു.

ബോര്‍ഡിങ് പാസ് നല്‍കുമ്പോഴുള്ള ഉപദേശങ്ങള്‍ പാലിക്കാത്തതിനാണ് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ നിന്ന് ഇറക്കേണ്ടി വന്നതെന്നും സേവനത്തില്‍ വീഴ്ചയില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. വാദങ്ങളും രേഖകളും പരിശോധിച്ച കമ്മീഷന്‍ കുവൈറ്റ് എയര്‍വേഴ്‌സിന്റേത് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നാലെ പരാതിക്കാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതിച്ചെലവും നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചത്. ഒരുമാസത്തിനകം വിധി നടപ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇനി ഏതെങ്കിലും തരത്തില്‍ വീഴ്ച വരുത്തിയാല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Content Highlights: Doctor couple face severe hardships on flight journey and thrown off plane will get rs 10 lakh compensation

dot image
To advertise here,contact us
dot image