'2000 രൂപയിലധികം കൊടുത്ത് എടുത്ത ടിക്കറ്റ്'; AC കോച്ചിൽ എലികള്‍, വീഡിയോ പങ്കുവെച്ച് യാത്രക്കാരൻ

സൗത്ത് ബിഹാര്‍ എക്‌സ്പ്രസിന്റെ എസി കോച്ചില്‍ എലികള്‍ ഇഴയുന്നതിന്റെ വീഡിയോകളാണ് യാത്രക്കാരന്‍ എക്സില്‍ പങ്കുവെച്ചത്

dot image

രാജ്യത്തെ പ്രധാന ഗതാഗത മാർഗങ്ങളില്‍ ഒന്നാണ് ട്രെയിന്‍. ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചും വ്യത്തിയില്ലാത്ത ശുചി മുറിയെ കുറിച്ചും ക്രമരഹിതമായ ട്രെയിന്‍ ഷെഡ്യൂളുകളെ കുറിച്ചും നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരാതിപ്പെടാറുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ അനുഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അടുത്തിടെ ഒരു യാത്രക്കാരന്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.

സൗത്ത് ബിഹാര്‍ എക്‌സ്പ്രസിന്റെ എസി കോച്ചില്‍ എലികള്‍ ഇഴയുന്നതിന്റെ വീഡിയോകളാണ് യാത്രക്കാരന്‍ എക്സില്‍ പങ്കുവെച്ചത്. ഇത് ട്രെയിനുകളിലെ ശുചിത്വത്തെ കുറിച്ചുള്ള ആശങ്ക കൂട്ടുന്നതിന് കാരണമായി. സുഖകരമായ യാത്ര പ്രതീക്ഷിച്ചാണ് പ്രശാന്ത് കുമാര്‍ എന്ന യാത്രക്കാരൻ സൗത്ത് ബിഹാര്‍ എക്‌സ് പ്രസില്‍ സെക്കന്‍ഡ് എസി ടിക്കറ്റെടുത്തത്. 2,000 രൂപയില്‍ കൂടുതലാണ് ടിക്കറ്റിന് നല്‍കിയത്. എന്നാല്‍ ട്രെയിനിലെ തന്റെ കോച്ചില്‍ കയറിയപ്പോള്‍ ഒന്നിലധികം എലികളെ കണ്ട് യാത്രക്കാരന് ഞെട്ടിപ്പോയി. കോച്ചിന് കുറുകെ പാഞ്ഞുനടക്കുന്ന എലികളുടെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

'PNR 6649339230, ട്രെയിൻ 13288 കോച്ച് A1ൽ ഒന്നിലധികം എലികൾ. സീറ്റുകൾക്കും ല​ഗേജുകൾക്കും മുകളിലൂടെ എലികൾ ഓടിനടക്കുന്നു. ഇതിനാണോ ഞാൻ AC സെക്കന്റ് ക്ലാസിന് ഇത്രയും പണം നൽകിയത്?', പങ്കുവെച്ച പോസ്റ്റില്‍ യുവാവ് പറയുന്നു.

എലികളെ കണ്ടതോടെ സഹായത്തിനായി യാത്രക്കാരന്‍ റെയിൽ വേ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടിരുന്നു. പാറ്റകളെ തുരത്താന്‍ സാധാരണയായി ഉപയോ​ഗിക്കുന്ന കീടനാശിനി തെളിക്കുക മാത്രമാണ് റെയില്‍വേ ജീവനക്കാരന്‍ ചെയ്തതെന്നും യുവാവ് പറഞ്ഞു.

യുവാവ് ട്വീറ്റ് വൈറലായതോടെ മറുപടിയുമായി റെയില്‍വേ അധികൃതർ രംഗത്തെത്തി. യാത്രക്കാരന്റെ പരാതിയെ തുടർന്ന് ട്രെയിനില്‍ പരിശോധന നടത്തിയെന്നും കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയെന്നുമാണ് റെയില്‍വേയുടെ മറുപടി.

സോഷ്യല്‍ മീഡിയയില്‍ യാത്രക്കാരന്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. സംഭവത്തിൽ പലരും രോഷാകുലരായി. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് ഇതൊരു "സാധാരണ" അനുഭവമാണെന്നാണ് ചിലര്‍ വിമർശിച്ചത്. മറ്റുചിലർ ട്രെയിനിൽ എലികളുടെ സാന്നിധ്യം ഉയർത്തുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളെയും ശുചിത്വ പ്രശ്നങ്ങളെയും കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണ് ചെയ്തത്.

Content Highlights: Man Shares Video Of Rats Crawling In South Bihar Express's AC Coach, Railways Reacts

dot image
To advertise here,contact us
dot image