ഊബര്‍ താമസിച്ചതുകൊണ്ട് ഫ്‌ളൈറ്റ് മിസ്സായോ? എങ്കില്‍ കമ്പനി തരും നഷ്ടപരിഹാരം, കൂടുതലറിയാം

ഒരു യാത്രയ്ക്ക് വെറും മൂന്ന് രൂപ അധികം നല്‍കിയാല്‍ ഊബര്‍, യാത്രക്കാര്‍ക്ക് കവറേജ് വാഗ്ധാനം ചെയ്യുന്നു

dot image

ഊബര്‍ ടാക്‌സിയില്‍ യാത്രചെയ്യുമ്പോള്‍ വാഹനം വൈകിയതുകൊണ്ടോ റോഡിന്റെ മോശം അവസ്ഥകൊണ്ടോ ഒക്കെ കൃത്യസമയത്ത് വിമാനത്താവളത്തിലെത്താന്‍ വൈകി ഫ്ളൈറ്റ് മിസ്സായാല്‍ ഇനി 7500 രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതിനുവേണ്ടി ഒരു യാത്രയ്ക്ക് വെറും മൂന്ന് രൂപ അധികം നല്‍കിയാല്‍ മതി. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ചാണ് ഫെബ്രുവരി അവസാനം മുതല്‍ ഊബര്‍ ഈ പദ്ധതി നടപ്പിലാക്കിയത്. 'മിസ്ഡ് ഫൈറ്റ്‌സ് കണക്ഷന്‍ കവര്‍' എന്നാണ് ഈ ഇന്‍ഷുറന്‍സ് പോളിസി അറിയപ്പെടുന്നത്.

ഇത് മാത്രമല്ല യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചികിത്സാ ചെലവിനായി 10,000 രൂപയും, പരിക്ക് അധികമാണെങ്കില്‍ 10 ലക്ഷം വരെയും ഊബര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിമാനത്താവളത്തിലേക്ക് യാത്രചെയ്യുന്ന ആളുകള്‍ക്കാണ് 'മിസ്ഡ് ഫൈറ്റ്‌സ് കണക്ഷന്‍ കവര്‍' പരിരക്ഷ ഉള്ളത്. ഊബര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് യാത്ര ബുക്ക് ചെയ്യുമ്പോള്‍ ലക്ഷ്യസ്ഥാനം 'വിമാനത്താവളം' എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ മിസ്ഡ് ഫ്‌ളയിറ്റ് കണക്ഷന്‍ കവര്‍ ക്ലെയിം ചെയ്യാന്‍ കഴിയൂ.

നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ടാക്‌സി ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ ലക്ഷ്യസ്ഥാനം വിമാനത്താവളമായിരിക്കണം. മാത്രമല്ല റൈഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഫ്‌ളൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ്, വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ലെന്നും റീഫണ്ട് ലഭിക്കില്ലെന്നുമുള്ള വിമാനകമ്പനിയുടെ സത്യവാങ്മൂലം, പണം ലഭിക്കാനുളള ബാങ്കിന്റെ വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കണം.

കൃത്യസമയത്ത് എത്തിച്ചേരേണ്ടതിനാലും സമയം നിര്‍ണായകമായതുകൊണ്ടും വിമാനത്താവളത്തിലേക്ക് യാത്രചെയ്യാന്‍ ക്യാബ് ഡ്രൈവര്‍മാര്‍ വിമുഖത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ഊബര്‍ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞയിടെ നടന്ന ഒരു സംഭവത്തില്‍ മോശം റോഡുകളും ഗതാഗതക്കുരുക്കും മൂലം യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കവും ഉണ്ടായിരുന്നു.


Content Highlights :Compensation of Rs 7,500 if flight is missed due to Uber delay

dot image
To advertise here,contact us
dot image