
യാത്രകൾ പോകുമ്പോൾ താമസത്തിനായി ഹോട്ടൽ മുറികൾ തിരഞ്ഞെടുക്കുന്നത് സാധാരണമാണ്. മുറികൾ ഉപയോഗിക്കുമ്പോൾ ഇവിടെ ഒളിക്യാമറ ഉണ്ടായിരിക്കുമോ എന്ന ആശങ്ക പലർക്കും ഉണ്ടാകാറുണ്ട്. ഹോട്ടൽ മുറികളിൽ നിന്ന് യാത്രക്കാരുടെ സ്വകാര്യ വീഡിയോകൾ ചോർന്ന വാർത്തകളും നമ്മള്‍ കണ്ടിട്ടുണ്ട്.
ഹോട്ടൽ മുറികളിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറകൾ സാധാരണ പ്രശ്നമല്ല. Airbnb അവരുടെ 2,000 ഉപയോക്താക്കളിൽ നടത്തിയ ഒരു സർവ്വേയിൽ 58 ശതമാനം യാത്രക്കാരും ഹോട്ടൽ മുറികളിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറകളെ കുറിച്ച് ആശങ്കയിലാണെന്നാണ് കണ്ടെത്തിയത്.
ഏകദേശം നാല് പേരിൽ ഒരാൾ വീതം ഹോട്ടൽ മുറിയിൽ നിന്ന് ക്യാമറ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലുകൾക്ക് വ്യക്തമായ നയങ്ങളുണ്ടെങ്കിലും. ചില ജീവനക്കാർ സ്വകാര്യ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇടയ്ക്കിടെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ, നിങ്ങളുടെ ഫോൺ മാത്രം ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ക്യാമറകൾ കണ്ടെത്താനാകും.
ഫോണ്‍ ക്യാമറ ഉപയോഗിക്കുക
മനുഷ്യ നേത്രങ്ങള്‍ക്ക് കാണാനാവില്ലെങ്കിലും മിക്കവാറും ഒളിക്യാമറകൾ ഇന്‍ഫ്രാറെഡ് വെളിച്ചം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. ഇവ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. അതിനായി മുറിയിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് കർട്ടനുകൾ ഇട്ട് അടയ്ക്കുക. തുടര്‍ന്ന് ഫോണിന്റെ ക്യാമറ ആപ്പ് ഓണാക്കുക. മുറി പതുക്കെ സ്കാൻ ചെയ്യുക. ചെറിയ ചുവപ്പ്, പച്ച അല്ലെങ്കിൽ മിന്നുന്ന ലൈറ്റുകൾ കാണുകയാണെങ്കിൽ അത് ഒരു ഹിഡൻ ക്യാമറയായിരിക്കാം.
ചില ഫോണുകളുടെ സെല്‍ഫി ക്യാമറ ആയിരിക്കും ഇതിന് ഉതകുക. സംശാസ്പദമായ ഇടങ്ങളിൽ ക്യാമറയിലൂടെ നോക്കുക. ഇവിടെ ചെറിയ സ്പന്ദിക്കുന്ന പ്രകാശബിന്ദുക്കൾ ക്യാമറ സ്ക്രീനിൽ കാണാനാകുന്നുണ്ടോ എന്ന് ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ഇത്തരം ഇൻഫ്രാറെഡ് ലൈറ്റ് കാണുന്നുണ്ടെങ്കിൽ അത് ക്യാമറയുടെ സാന്നിധ്യമാകാൻ വഴിയുണ്ട്. ആ ഭാഗം കൂടുതൽ പരിശോധിക്കുക.
ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിക്കുക
ക്യാമറകൾ എത്ര രഹസ്യമായി ഒളിപ്പിച്ചാലും അവയ്ക്ക് മുന്നിൽ ഒരു ലെൻസ് ഉണ്ടായേ മതിയാകൂ. ലെൻസുകൾ പ്രകാശം പ്രതിഫലിപ്പിക്കും. മുറിയിലെ ലൈറ്റുകൾ അണച്ചശേഷം സംശയമുള്ള ഇടങ്ങളിലേക്ക് ഫോണിലെ ക്യാമറയുടെ ഫ്ളാഷ് ലൈറ്റ് കാണിക്കുക.
ക്ലോക്കുകൾ, വെൻ്റിലേഷനുകൾ, കണ്ണാടികൾ, എയർ വെന്റുകൾ, ടിവി തുടങ്ങിയവയ്ക്ക് നേരെ ടോർച്ചടിച്ച് നോക്കുക. ലെൻസ് പോലെ എന്തെങ്കിലും കണ്ടെത്താനാകുമോ എന്ന് ശ്രദ്ധിച്ച് പരിശോധിക്കുക. സംശയം തോന്നുന്ന എന്തെങ്കിലും കണ്ടെത്തിയാൽ കൂടുതൽ ശ്രദ്ധയോടെ ആ ഭാഗം പരിശോധിക്കുക.
സംശയാസ്‌പദമായ ഉപകരണങ്ങൾക്കായി വൈഫൈ നെറ്റ്‌വർക്ക് സ്‌കാൻ ചെയ്യുക
മിക്ക ഒളിക്യാമറകളും വൈഫൈ വഴിയായിരിക്കും ഇൻ്റർനെറ്റ് കണക്റ്റ് ചെയ്തിരിക്കുക. ഹോട്ടലിലെ വൈഫൈ നെറ്റ് വർക്ക് സ്കാൻ ചെയ്യുക. ശേഷം ഇവിടെ അൺനോൺ ഡിവൈസുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുക.
ഹോട്ടലിലെ വൈഫൈയുമായി കണക്ട് ചെയ്തിരിക്കുന്ന ഡിവൈസുകളുടെ ലിസ്റ്റ് പരിശോധിക്കുക. ഇതിൽ ഐപി ക്യാമറ, ക്യാമറ എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുക. ബ്ലൂടൂത് സ്കാൻ ചെയ്ത് ബ്ലൂടൂത് സിഗ്നലുകൾ അയയ്ക്കുന്ന ക്യാമറകൾ ഉണ്ടോ എന്നും പരിശോധിക്കാം. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ അധികൃതരെ വിവരം അറിയിക്കുക.
ഫോൺകോൾ ചെയ്യുക
ക്യാമറകൾ കണ്ടെത്താനുള്ള ഏറ്റവും സാധാരണ മാർഗങ്ങളിൽ ഒന്നാണിത്. കാരണം വയർലെസ് ക്യാമറകൾ റേഡിയോ സിഗ്നലുകൾ പുറപ്പെടുവിക്കുന്നു. ഇത് ഫോൺ കോളുകളെ തടസ്സപ്പെടുത്തും. ആരെയെങ്കിലും വിളിച്ച് പതുക്കെ മുറിയിൽ ചുറ്റി സഞ്ചരിക്കുക. ചില സ്ഥലങ്ങളിൽ പൊട്ടൽ, മുഴക്കം അല്ലെങ്കിൽ സ്റ്റാറ്റിക് ശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ സമീപത്ത് മറഞ്ഞിരിക്കുന്ന ക്യാമറ ഉണ്ടായിരിക്കാം. കണ്ണാടികൾ, ഇലക്ട്രിക്കൽ ഔട്ട്ലെറ്റുകൾ, അലങ്കാര വസ്തുക്കൾ എന്നിവയ്ക്ക് സമീപം ഇത് പരീക്ഷിക്കാം.
ഫിംഗർനെയിൽ ടെസ്റ്റ് ഉപയോഗിച്ച് കണ്ണാടികൾ പരിശോധിക്കുക
ചില ടു-വേ മിററുകൾ ക്യാമറകൾ മറയ്ക്കാൻ ഉപയോഗിക്കുന്നു. വാനിറ്റി മിറർ ടു-വേ ആണോ എന്ന് കണ്ടെത്താൻ വിരൽത്തുമ്പ് കണ്ണാടിക്ക് നേരെ വയ്ക്കുക. നഖത്തിനും അതിന്റെ പ്രതിഫലനത്തിനും ഇടയിൽ ഒരു വിടവ് ഉണ്ടെങ്കിൽ കണ്ണാടി സാധാരണമാണ്. വിടവ് ഇല്ലെങ്കിൽ കണ്ണാടി ടു-വേ ആകാം. അതിനാൽ കൂടുതൽ പരിശോധിക്കണം.
ക്യാമറ ഡിറ്റെക്ഷൻ ആപ്പുകൾ
ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ധാരാളം ക്യാമറാ ഡിറ്റെക്ഷൻ ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യാം. ഇവ രഹസ്യ ക്യാമറകൾ കണ്ടെത്താൻ സഹായിക്കുന്നു. ഇവയും ഫോണിൻ്റെ സെൻസറുകളും ക്യാമറയും ഉപയോഗിച്ചാണ് ഒളിക്യാമറാ സാന്നിധ്യം പരിശോധിക്കുന്നത്.
Content Highlights: 6 Easy Ways To Find Hidden Cameras In Your Hotel Room