
ഒരുപാട് പേർ ദിവസേന യാത്ര ചെയ്യുന്ന ട്രെയിനുകളാണ് മഹാരാഷ്ട്രയിലെ ലോക്കൽ സബർബൻ ട്രെയിനുകൾ. തിക്കിത്തിരക്കിയും ശ്വാസം മുട്ടിയും വീടെത്താനും ഓഫിസിലെത്താനും എന്ത് റിസ്ക് വേണമെങ്കിലും എടുക്കുന്നവരുടെ യാത്രാമാർഗം കൂടിയാണിത്. അവരെയെല്ലാം എപ്പോഴും അലട്ടുന്ന ഒരേയൊരു കാര്യം മുഷിപ്പായിരിക്കും. ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് ചില്ലറ ബുദ്ധിമുട്ടല്ല അവരിൽ സൃഷ്ടിക്കുക. എന്നാൽ ഇത്തരത്തിൽ കഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത വരികയാണ്.
238 എസി ലോക്കൽ ട്രെയിനുകൾ പുതിയതായി റെയിൽവേ അനുവദിച്ചു എന്നതാണ് ആ സന്തോഷവാർത്ത. യാത്രക്കാരുടെ സുരക്ഷയും സൗകര്യപ്രദമായ യാത്രാരീതികളും മുന്നിൽ കണ്ടുകൊണ്ടാണ് റെയിൽവേ ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും 238 എസി ലോക്കൽ ട്രെയിനുകൾ കൂടി ഓടിക്കാൻ തീരുമാനമായെന്നുമാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.
നേരത്തെ മുംബൈയിൽ ഓടുന്ന എല്ലാ സബർബൻ ട്രെയിനുകളും എസി ആക്കാനായിരുന്നു റെയിൽവേയുടെ പദ്ധതി. എന്നാൽ സാധാരണക്കാരെ ഈ തീരുമാനം ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട് എൻസിപി ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. അതോടെ ഈ പദ്ധതി റെയിൽവേ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ 109 എസി ലോക്കൽ ട്രെയിനുകളാണ് മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ, മധ്യ ലൈനുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്. 2017ലാണ് ആദ്യമായി മുംബൈയിൽ എസി ലോക്കൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത്.
ദിവസേന 7.5 മില്യൺ യാത്രക്കാർ ആശ്രയിക്കുന്ന തീവണ്ടികളാണ് മുംബൈയിലെ ലോക്കൽ ട്രെയിനുകൾ. ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ ട്രെയിൻ നെറ്റ്വർക്കുകളിൽ ഒന്നാണിത്. വെസ്റ്റേൺ, സെൻട്രൽ, ഹാർബർ എന്നീ മൂന്ന് ലൈനുകളായി വിഭജിക്കപ്പെട്ട്, 390 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സംവിധാനമാണ് മുംബൈയിലെ സബർബൻ റെയിൽ സംവിധാനം. തിരക്കേറിയ സമയങ്ങളിൽ പോലും കൃത്യസമയത്ത് യാത്രക്കാരെ ലക്ഷ്യസ്ഥലത്തെത്തിക്കുന്നതിൽ സബർബൻ ട്രെയിനുകൾക്ക് വലിയ പങ്കുണ്ട്.
Content Highlights: 238 local trains to be introduced at mumbai suburban railway