
ഇന്ത്യയും പാകിസ്താനും തമ്മില്‍ ചരിത്രപരമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ ആശങ്കകള്‍ കാരണം പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ അപേക്ഷ കര്‍ശനമാണ്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിനോദസഞ്ചാരവും അപൂര്‍വമാണ്. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പാകിസ്താനി സംരംഭകനായ വഖാസ് ഹസ്സന്റെ ഇന്ത്യന്‍ സന്ദര്‍ശനം. സിംഗപൂരില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കിടെയാണ് വഖാസിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഇന്ത്യന്‍ എയര്‍ലൈനായ ഇന്‍ഡിഗോയിലായിരുന്നു യാത്ര. മുംബൈയില്‍ ആറ് മണിക്കൂറാണ് വിശ്രമ സമയമുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ തൻ്റെ സമയം വഖാസ് പരമാവധി ഉപയോഗപ്പെടുത്തി. വിമാനത്താവളത്തില്‍ ഇറങ്ങിയ വഖാസ് മുംബൈയിലെ ഏറ്റവും പ്രശസ്തമായ ലഘുഭക്ഷണം വടപാവ് കഴിച്ചു.
ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കിടുകയും ചെയ്തു. 'കഴിഞ്ഞ 15 വര്‍ഷമായി യാത്ര ചെയ്യുന്നുണ്ട്. പക്ഷേ പാകിസ്താനികള്‍ക്ക് ഇന്ത്യയിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്ന് ആരും എന്നോട് പറഞ്ഞില്ല. അതിനാല്‍ ഞാന്‍ ഫ്ലൈറ്റ് ബുക്ക് ചെയ്തപ്പോള്‍ ചെറിയൊരു അപകടസാധ്യത ഉണ്ടായിരുന്നു. ഞാന്‍ എന്റെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. കാരണം അധികം പാകിസ്താനികളും ഇങ്ങനെ ചെയ്യാറില്ല, ഇത് അവര്‍ക്ക് പുതിയ അനുഭവമായിരുന്നു', ഹസ്സന്‍ വീഡിയോയില്‍ പറഞ്ഞു.
ഹസ്സന്റെ പോസ്റ്റ് അതിവേഗം വൈറലാവുകയായിരുന്നു, ആയിരക്കണക്കിന് പേരാണ് വീഡിയോകള്‍ കണ്ടത്. പാകിസ്താനി പാസ്‌പോര്‍ട്ടുകാര്‍ക്ക് കണക്റ്റിംഗ് ഫ്‌ലൈറ്റിലാണെങ്കില്‍ മാത്രമേ ഇന്ത്യയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലേഓവര്‍ സമയത്ത് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മൂന്നാം രാജ്യത്തേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റാണെങ്കില്‍ മാത്രമേ പാകിസ്താന്‍ പാസ്‌പോര്‍ട്ടുള്ള ആളുകള്‍ക്ക് ഇന്ത്യയിലേക്ക് പറക്കാന്‍ കഴിയൂ. പാകിസ്താന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് ലേഓവര്‍ സമയത്ത് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.
പാകിസ്താനികള്‍ക്ക് ഇന്ത്യവഴി യാത്ര ചെയ്യാന്‍ കഴിയുമോ? നിയമം പറയുന്നു.
പാകിസ്താന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇന്ത്യയിലൂടെ യാത്രചെയ്യാന്‍ സാധിക്കുമെന്നാണ് സിക്കിം എക്‌സപെഡിഷന്‍സിന്റെ സ്ഥാപകനും ട്രാവല്‍ കണ്‍സള്‍ട്ടന്റുമായ ഡി കെ ഘഥാനി ഇന്ത്യന്‍ എകസ്പ്രസിനോട് പറഞ്ഞത്. എന്നാല്‍ വളരെ കര്‍ശനമായി നിരീക്ഷിക്കപ്പെടും. ഇരുരാജ്യങ്ങളും തമ്മിൽ പിരിമുറുക്കമുള്ളതിനാൽ പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള ഇന്ത്യയുടെ വിസ നയം ലോകത്തിലെ ഏറ്റവും കര്‍ശനമായ ഒന്നാണ്. മറ്റ് മിക്ക രാജ്യങ്ങളിലെയും പൗരന്മാരില്‍ നിന്ന് വ്യത്യസ്തമായി പാകിസ്താനികള്‍ക്ക് ഓണ്‍ലൈനായി (ഇ-വിസ) അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വിസ നേടാന്‍ കഴിയില്ല. ട്രാന്‍സിറ്റ് വിസ ഉള്‍പ്പെടെ എല്ലാ വിസയ്ക്കും ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് വഴി മുന്‍കൂട്ടി അപേക്ഷിക്കണം',ഘഥാനി പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുകയോ അല്ലെങ്കില്‍ ഇന്ത്യയെ ഒരു ട്രാന്‍സിറ്റ് പോയിന്റായി ഉപയോഗിച്ച് മൂന്നാമത്തെ രാജ്യത്ത് നിന്ന് പാകിസ്താനിലേക്ക് മടങ്ങുകയോ ചെയ്താല്‍ മാത്രമേ പാകിസ്താന്‍ പൗരന്മാര്‍ക്ക് ട്രാന്‍സിറ്റ് വിസ അനുവദിക്കൂ. ഇത് ഇന്ത്യയില്‍ പരമാവധി 72 മണിക്കൂര്‍ തങ്ങാന്‍ അനുവദിക്കുന്നു. കൂടാതെ ഒറ്റ പ്രവേശനത്തിന് മാത്രമേ അനുവദിക്കൂ. വിസയില്‍ പ്രവേശന എക്‌സിറ്റ് വിമാനത്താവളം വ്യക്തമായി പരാമര്‍ശിക്കണം.
Content Highlights: Man transits through India on a Pakistani passport, says officials were ‘surprised’; here are the visa rules