
നാഷണൽ ഹൈവേകൾ നമ്മുടെ നാടിന്റെ ജീവനാഡി തന്നെയാണ്. യാത്രകൾ സുഖമവും ലളിതവുമാക്കുന്നത് വഴി ഹൈവേകൾ നാടിന് നൽകുന്ന സംഭാവന ചെറുതല്ല. എന്നാൽ അവയുടെ പരിപാലനത്തിനായി ഉയർന്ന ടോളുകൾ പിരിക്കുന്നത് പലപ്പോഴും വലിയ പ്രതിഷേധത്തിന് കാരണമാകാറുണ്ട്. മുടക്കുമുതൽ തുകയും ലാഭവും തിരിച്ചുകിട്ടിയിട്ടും ടോൾ പിരിവ് തുടരുന്നതും പ്രശ്നമാകാറുണ്ട്. ഇപ്പോളിതാ ടോൾ തുക പരിഷ്കരിക്കുന്നതിനെ സംബന്ധിച്ച് ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
പുതിയ ടോൾ പരിഷ്‌കാരം ഉടൻ വരുമെന്നാണ് ഗഡ്കരി അറിയിച്ചത്. ഇത് പ്രകാരം വാഹന ഉടമകൾക്ക് നിശ്ചിത തുകകള്‍ അടച്ചാൽ ഒരു കൊല്ലത്തേക്കും, നീണ്ട കാലത്തേക്കുമായി ഹൈവേയിലൂടെ യാത്ര ചെയ്യാം. ഒരു കൊല്ലത്തേക്ക് 3000 രൂപയും, 15 വർഷത്തെ പാസിന് 30000 രൂപയും ആയിരിക്കുമെന്നാണ് വിവരം. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ടോൾ പ്ലാസകളിലൂടെയുളള യാത്രാസുഖവും വർധിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.
ഇതിനൊപ്പം നിരവധി കമ്മിറ്റികൾ പലകാര്യങ്ങളും നിർദേശിച്ചതായും മന്ത്രി പറഞ്ഞു. സാറ്റ്‌ലൈറ്റ് ടോളിംഗാണ് പ്രധാനമായും അതിൽ ഉയർന്നുവന്നത്. സുരക്ഷ അടക്കമുള്ള കാര്യങ്ങളും, സാമ്പത്തിക ബാധ്യതയും കണക്കിലാക്കി വേണം ഇവയുടെ സാധ്യത പരിശോധിക്കാനെന്നാണ് ഉയർന്നുവന്ന അഭിപ്രായം.
ഇപ്പോൾ നടക്കുന്ന പാർലമെന്റ് സെഷൻ കഴിഞ്ഞാലുടൻ തന്നെ പുതിയ ടോൾ പോളിസി പ്രഖ്യാപിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഇതോടെ നിലവിൽ യാത്രക്കാർ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും ഗഡ്കരി പറഞ്ഞു.
Content Highlights: Toll fares to be structured