
യാത്രകൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഹൈവേകൾ നൽകുന്ന സംഭാവന ചെറുതല്ല. എന്നാൽ ഉയർന്ന ടോളുകൾ പിരിക്കുന്നത് പലപ്പോഴും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലുടനീളമുള്ള പത്ത് ടോൾ പ്ലാസകളിൽ നിന്ന് ഏകദേശം 14,000 കോടി രൂപ ടോൾ പിരിവ് നടത്തിയതായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചിരിക്കുന്നു. ലോകസഭയിലാണ് മന്ത്രാലയം കണക്ക് അവതരിപ്പിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുക്കുമ്പോൾ പട്ടികയിൽ മുന്നിൽ ഗുജറാത്താണ്. ഗുജറാത്തിലെ എൻഎച്ച് 48ലെ ഭർത്താന ടോൾ പ്ലാസയിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരിക്കുന്നത്. 2019-20 മുതൽ 2023-24 വരെ 2,043.81 കോടി രൂപയാണ് പിരിച്ചെടുത്തത്. വഡോദര-ബറൂച്ച് സ്ട്രെച്ചിൽ സ്ഥിതി ചെയ്യുന്ന ടോൾ 2023-24ൽ 472.65 കോടി എന്ന ഏറ്റവും ഉയർന്ന വാർഷിക കളക്ഷൻ രേഖപ്പെടുത്തി.
ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലെ ഷാജഹാൻപൂർ ടോൾ പ്ലാസ 1,884.46 കോടി രൂപയാണ് പിരിച്ചെടുത്തത്. ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായ എൻഎച്ച് -48 ലെ ഗുഡ്ഗാവ്-കോട്പുട്ലി-ജയ്പൂർ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
എൻഎച്ച് 16ലെ ധൻകുനി-ഖരഗ്പൂർ പാതയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ ജലദുലഗോരി ടോൾ പ്ലാസ 1,538.91 കോടി രൂപ സമാഹാരിച്ചുകൊണ്ട് പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. കിഴക്കൻ തീരത്ത് കൂടി കടന്നുപോകുന്ന ഇത് സുവർണ്ണ ചതുർഭുജ പദ്ധതിയുടെ ഭാഗമാണ്. തൊട്ടുപിന്നിൽ ഉത്തർപ്രദേശിലെ ബരാജോർ ടോൾ പ്ലാസയുണ്ട്. ആകെ പിരിച്ചെടുത്തത് 1,480.75 കോടി രൂപയാണ്. ഗ്രാൻഡ് ട്രങ്ക് റോഡിന്റെ ഒരു പ്രധാന ഭാഗമായ എൻഎച്ച്-19 ലെ ഇറ്റാവ-ചകേരി (കാൺപൂർ) ഭാഗത്താണ് ഈ പ്ലാസ സ്ഥിതി ചെയ്യുന്നത്.
പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഗരോണ്ട ടോൾ പ്ലാസയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിരിച്ചെടുത്തത് 1,314.37 കോടി രൂപയാണ്. ശ്രീനഗറിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന ഹൈവേയുടെ പാനിപ്പത്ത് -ജലന്ധർ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഹൈവേ കൂടിയാണിത്.
ഗുജറാത്തിലെ എൻഎച്ച്48 ലെ ബറൂച്ച്-സൂറത്ത് സെക്ഷനിലെ ചൊര്യാസി, രാജസ്ഥാനിലെ ഇതേ ഹൈവേയിലെ ജയ്പൂർ-കിഷൻഗഡ് സെക്ഷനിലെ തിക്കാരിയ/ജയ്പൂർ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് ടോൾ പ്ലാസകൾ. തമിഴ്‌നാട്ടിലെ എൻഎച്ച്44 ലെ കൃഷ്ണഗിരി-തുമ്പിപാടി സെക്ഷനിലെ എൽ ആൻഡ് ടി കൃഷ്ണഗിരി തോപൂർ എന്നിവയും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ എൻഎച്ച്-25 ലെ കാൺപൂർ-അയോധ്യ സെക്ഷനിൽ സ്ഥിതി ചെയ്യുന്ന നവാബ്ഗഞ്ച്, ബീഹാറിലെ എൻഎച്ച്-2 ലെ വാരണാസി-ഔറംഗബാദ് സെക്ഷനിൽ സ്ഥിതി ചെയ്യുന്ന സസാറാം എന്നിവയും ഉയർന്ന വരുമാനമുള്ള ടോൾ പ്ലാസകളിൽ ഉൾപ്പെടുന്നു.
ഈ പത്ത് ടോൾ പ്ലാസകളിൽ നിന്ന് അഞ്ച് വർഷത്തിനിടെ ആകെ 13,988.51 കോടി രൂപയാണ് പിരിച്ചെടുത്തത്. രാജ്യത്തെ ടോൾ വരുമാനത്തിന്റെ ഏഴ് ശതമാനത്തിലധികമാണിത്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2019-20 മുതൽ 2023-24 വരെ ഇന്ത്യയിലുടനീളമുള്ള എല്ലാ ടോൾ പ്ലാസകളും 1.93 ലക്ഷം കോടി രൂപ സമാഹരിച്ചു. 2023-24 ൽ മാത്രം ആകെ പിരിവ് 55,882 കോടി രൂപയായിരുന്നു.
ഇന്ത്യയിൽ ആകെ 1,063 ടോൾ പ്ലാസകളാണുള്ളത്, അതിൽ 457 എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിർമ്മിച്ചതാണ്. ഈ കാലയളവിൽ ഒരു പ്ലാസയിൽ നിന്ന് ശരാശരി ടോൾ പിരിവ് 190 കോടി രൂപയായിരുന്നു. എന്നാൽ ഈ ടോൾ പ്ലാസകളിൽ നിന്ന് വളരെ കൂടുതൽ പിരിച്ചെടുത്തത് ഓരോന്നിനും ശരാശരി 1,400 കോടി രൂപയാണ്.
Content Highlights: India’s Top 10 Toll Plazas Collected Nearly Rs 14,000 Crore In Five Years