
മനസ് ഒന്ന് ശാന്തമാകാന്‍…
അവനവനെ കണ്ടെത്താന്‍…
ജോലിത്തിരക്കുകളില്‍ നിന്ന് കുറച്ചുസമയം വിട്ടുനില്‍ക്കാന്‍…
ഓരോരുത്തര്‍ക്കും യാത്ര ചെയ്യാന്‍ ഓരോരോ കാരണങ്ങളാണ്. യാത്രകള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പ്രത്യേകിച്ച് പുതുതലമുറ. പുതിയ പുതിയ ട്രെന്‍ഡുകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് യാത്രയിലും പുത്തന്‍ ട്രെന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ് GenZ പിള്ളേര്‍. അത്തരത്തിലൊരു യാത്രാ ട്രെന്‍ഡാണ് ഡ്യൂപ് യാത്ര.
ചെലവേറിയതും ക്ലീഷേ ആയിട്ടുളളതുമായുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി കണ്ടെത്താത്തത് കണ്ടെത്തുക എന്നതാണ് ഡ്യൂപ് യാത്രയുടെ പ്രധാന ആശയം. മില്ലേനിയല്‍, ജെന്‍സി ആളുകള്‍ യാത്രയുടെ കാര്യത്തില്‍ പുത്തന്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ ഡ്യൂപ് യാത്രയ്ക്ക് ചെലവ് ലാഭിക്കല്‍ ഉള്‍പ്പടെ ഒരുപാട് ഗുണങ്ങളുണ്ട്. ഇതുവരെ ആരും പോകാത്തതും തിരക്കില്ലാത്തതുമായ സ്ഥലം യാത്രയ്ക്കായി തിരഞ്ഞെടുത്താല്‍ അധികം ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ താമസത്തിനും ഭക്ഷണത്തിനും ചെലവുകുറയും. മറ്റാരും അധികം കടന്നുവരാത്ത ഇടമായതിനാല്‍ സ്ഥലത്തിന്‍റെ ഭംഗിക്ക് കോട്ടമൊന്നും സംഭവിച്ചുകാണില്ല. അത് പൂര്‍ണതയോടെ ആസ്വദിക്കാനാവും.
കോവിഡ് മഹാമാരിക്ക് ശേഷം യാത്രകള്‍ ആസ്വദിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൂറിസം മേഖലയും വലിയരീതിയിലുള്ള തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 2023 ല്‍ വിമാന യാത്രക്കാരുടെ എണ്ണം 95 ശതമാനത്തില്‍ എത്തിയിരുന്നു. മാത്രമല്ല അമിത ടൂറിസത്തെ നേരിടാന്‍ പല ടൂറിസ്റ്റ് സ്ഥലങ്ങളും ടൂറിസ്റ്റ് നികുതി ഈടാക്കുന്നുണ്ട്. ഇത്തരത്തിലുളള അമിതമായ പണച്ചെലവ് ഒഴിവാക്കാനും കൂടിയാണ് പുത്തന്‍ ട്രെന്റുകള്‍ക്ക് പിറകെ ആളുകള്‍ പോകുന്നത്.
Content Highlights :Save money, go where no one else goes.. Learn about dupe travel