
ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ കുംഭകോണം നിരവധി ആകര്‍ഷണങ്ങളുള്ള ഒരു അതിശയിപ്പിക്കുന്ന ക്ഷേത്രനഗരമാണ്. നഗരത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ വിനോദസഞ്ചാരികളെയും തീര്‍ത്ഥാടകരെയും വര്‍ഷം തോറും ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നു.കിഴക്കന്‍ തമിഴ്നാട്ടിലെ 'ചോള ഹൃദയഭൂമി'യില്‍ കാവേരി, അരസലാര്‍ നദികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കാലങ്ങള്‍ പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ മതകേന്ദ്രങ്ങളിലൊന്നാണ് കുംഭകോണം എന്ന മഹാക്ഷേത്രനഗരം.
ഏഴാം നൂറ്റാണ്ടിലെ ചോള രാജവംശത്തിന്റെ പുരാതന തലസ്ഥാനമായിരുന്നു കുംഭകോണം. ഇവിടെ പട്ടണത്തിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന നിരവധി വര്‍ണ്ണാഭമായ ഗോപുരങ്ങള്‍ മനോഹരമായ കാഴ്ചയാണ്. നഗരമധ്യത്തില്‍ മാത്രം പതിനെട്ട് ക്ഷേത്രങ്ങളും ഒരു ആശ്രമവും സ്ഥിതിചെയ്യുന്നുണ്ട്. കുംഭകോണം എന്ന ഈ പട്ടണം ഒരിക്കല്‍ ഒരു പ്രധാന ദക്ഷിണേന്ത്യന്‍ ശക്തികേന്ദ്രമായിരുന്നു. ഇവിടെ വിഷ്ണുവിനും ശിവനുമായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു ബ്രഹ്‌മക്ഷേത്രവുമുണ്ട്.
കുംഭകോണത്തെ ഏറ്റവും പ്രശസ്തമായ മത കേന്ദ്രമാണ് മഹാമകം. തമിഴ്‌നാട്ടിലെ ഏറ്റവും വലുതും മുന്‍നിരയിലുള്ളതുമായ ക്ഷേത്രകുളങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. പണ്ടുകാലങ്ങളിലുളളവര്‍ പറയുന്നതനുസരിച്ച് ശിവന്‍ ഒരു കലം പൊട്ടിച്ച് വെള്ളം ഒഴുക്കിയപ്പോള്‍ രൂപപ്പെട്ടതാണ് ഈ വലിയ ക്ഷേത്ര കുളം എന്ന് പറയപ്പെടുന്നു. ടാങ്കില്‍ നടക്കുന്ന ഉത്സവത്തിന് 100,000 സന്ദര്‍ശകരും 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമഹം ഉത്സവത്തിന് ഏകദേശം 2 ദശലക്ഷം സന്ദര്‍ശകരും എത്താറുണ്ട്.പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഈ ഉത്സവം നടക്കുന്നത്. ഇവിടുത്തെ അവസാന ഉത്സവം നടന്നത് 2016 ലായിരുന്നു. അടുത്ത ഉത്സവം 2028 ലും 2040 ലും ആയിരിക്കും നടക്കാന്‍ പോകുന്നത്.
കുളത്തില്‍ നിന്ന് അധികമല്ലാത്ത ദൂരത്തില്‍ കുംഭകോണത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നായ നാഗേശ്വരസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇതിനെ തമിഴില്‍ 'കുടന്തൈ കീഴ് കോട്ടം' എന്നും വിളിക്കുന്നു. ഏകദേശം 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രം 886 ല്‍ ചോളന്മാര്‍ സ്ഥാപിച്ചതും അതിശയകരമായ ചില ചോള ശിലാ ശില്‍പങ്ങള്‍ സൂക്ഷിക്കുന്നതുമാണ്. സമീപത്തുള്ള സാരംഗപാണി വിഷ്ണുക്ഷേത്രം ഈ പട്ടണത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഐതിഹ്യങ്ങള്‍ പറയുന്നതനുസരിച്ച് പ്രപഞ്ച കുംഭത്തിലെ ജലം ശിവന്റെ അമ്പിനാല്‍ തകര്‍ന്ന് ഭൂമിയിലേക്ക് വീണ സ്ഥലത്തെ കാണിക്കുന്ന കുംഭേശ്വര ക്ഷേത്രവും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെയും നഗരത്തിന്റെയും പേര് ഉത്ഭവിച്ചത് ഈ ഐതീഹ്യപ്രകാരമാണ്. ക്ഷേത്രത്തിനുള്ളില്‍ ഉള്ള ഒരു ശിവലിംഗം ജലകുംഭത്തിന്റെ തകര്‍ന്ന കഷണങ്ങളില്‍ നിന്ന് നിര്‍മ്മിച്ച് ശിവന്‍ അവിടെ സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു.അതുമാത്രമല്ല ചോള വാസ്തുവിദ്യാ ശൈലിയിലുള്ള ഹിന്ദു ക്ഷേത്രമായ ഐരാവതേശ്വര ക്ഷേത്രവും ഇവി
ടുത്തെ പ്രത്യേകതയാണ് . പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയായ രാജരാജ രണ്ടാമന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലം കൂടിയാണ്.
കുംഭകോണത്തെ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ പുരാവസ്തു സ്മാരകം ആധുനിക കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും വിധേയമായിട്ടില്ല. അതിനാല്‍ മനോഹരമായ സ്വര്‍ണ്ണ കല്ല് കൊത്തുപണികള്‍ തഞ്ചാവൂരിലേതിന് തുല്യമാണ് .
രാജരാജ രണ്ടാമന്‍ നിര്‍മ്മിച്ച ഐരാവതേശ്വര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലെ ചോള വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്. നര്‍ത്തകരുടെ മികച്ച ചുവര്‍ച്ചിത്രങ്ങള്‍, ശിവന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ദൈവങ്ങള്‍ നിറഞ്ഞ സ്ഥലങ്ങള്‍, അത്ഭുതകരമായി കൊത്തിയെടുത്ത ക്ഷേത്ര സംരക്ഷകര്‍ തുടങ്ങി മനോഹരമായ വാസ്തുവിദ്യയാണ് ഇവിടെയുള്ളത്. ഒരു മ്യൂസിയം, ശില്‍പങ്ങളുടെ മികച്ച ശേഖരം, ഒരു ഗോപുരം എന്നിവയും സമീപത്തുണ്ട്. കൂടാതെ ഇതിനടുത്ത് സില്‍ക്ക് സാരി നെയ്ത്തുകാരുടെ ചെറിയ ഒരു സമൂഹവുമുണ്ട്. അവിടെ സന്ദര്‍ശകര്‍ക്ക് പ്രാദേശിക കരകൗശല വിദഗ്ധരുടെ വീടുകളില്‍ സാരികള്‍ നെയ്യുന്നത് കാണാന്‍ കഴിയും.
തഞ്ചാവൂരിനും ട്രാന്‍ക്യൂബറിനും ഇടയില്‍ കുംഭകോണം തുല്യ അകലത്തിലാണ്.അതിനാല്‍ ഒരു ദിവസത്തെ യാത്രയില്‍ എളുപ്പത്തില്‍ ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയും. എന്നിരുന്നാലും മിക്ക ക്ഷേത്രങ്ങളും ഉച്ച മുതല്‍ വൈകുന്നേരം 4 വരെ അടച്ചിരിക്കും. ട്രാന്‍ക്യൂബാറില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരുന്ന പ്രധാന റോഡിന് അടുത്താണ് മഹാമകം ടാങ്ക്, തഞ്ചാവൂരില്‍ നിന്ന് വരുന്ന സന്ദര്‍ശകര്‍ക്ക് ധാരാസുരത്ത് നിന്ന് സന്ദര്‍ശനം ആരംഭിക്കാവുന്നതാണ്.
Content Highlights :Kumbakonam in Tamil Nadu is a stunning temple town with many attractions