
വിമാന യാത്രക്കിടെയുള്ള മദ്യപാനം പലപ്പോഴും വിമാനത്തിലുള്ള ആളുകൾക്കിടയിൽ വാക്ക് തർക്കങ്ങൾ, കയ്യാങ്കളികൾ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതുമൂലം ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ വിമാനങ്ങളിലെ മദ്യപാനം നിയന്ത്രിക്കുന്നതിന് ആവശ്യമായ നയങ്ങൾ നടപ്പിലാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന വിമാനത്തിലുണ്ടായ സമാന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനത്തിൽ 42-കാരനായ ഇന്ത്യന്‍ സ്വദേശിയായ യാത്രക്കാരന്‍ ഫ്ലൈറ്റിന്‍റെ ക്യാബിന്‍ ക്രൂവിനെ അക്രമിക്കുകയും കൊലപാതകഭീഷണി ഉയർത്തുകയും ചെയ്തതായാണ് പരാതി. ക്യാബിന്‍ ക്രൂവിനെ അക്രമിക്കുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായും ഇയാളെ സിംഗപ്പൂർ കോടതിയില്‍ ഹാജരാക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 27 നായിരുന്നു സംഭവം.
മാർച്ച് 31നാണ് സിംഗപ്പൂർ പൊലീസ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇയാൾ മദ്യ ലഹരിയിലെ രീതിയിലാണ് വിമാനത്തില്‍ പെരുമാറിയതെന്നും യാത്രക്കാരെ ശല്യം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ പെരുമാറ്റം മറ്റ് യാത്രക്കാർക്ക് ശല്യമായതോടെ ക്യാബിൻ ക്രൂവിനെ വിവരം അറിയിച്ചു. പിന്നാലെ ക്രൂ അംഗങ്ങൾ പ്രശ്നത്തിൽ ഇടപെട്ടു. ഇയാളെ ശാന്തനാക്കാൻ ക്രൂ അംഗങ്ങൾ ശ്രമിച്ചുവെങ്കിലും അയാൾ വഴങ്ങിയില്ല. ഇതിനിടെയാണ് ഇയാൾ ക്യാബിൻ ക്രൂ അംഗത്തിന്റെ കൈത്തണ്ടയിൽ കയറി പിടിച്ചത്. അദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ജീവനക്കാർ ശാന്തനായില്ലെങ്കിൽ വിമാനം തിരികെ പോകുമെന്ന പറഞ്ഞത്. അതോടെ അദ്ദേഹം ശാന്തനാവുകയായിരുന്നു.
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടന്‍ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്തിൽ മദ്യപിച്ച് ക്രമസമാധാനവും അച്ചടക്കവും അപകടത്തിലാക്കുക, യാത്രക്കാരേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുക, ആക്രമിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇയാളുടെ പേര് വിവരങ്ങൾ സിംഗപ്പൂർ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Content Highlights: Indian man threatens to kill cabin crew on singapore flight arrested