അന്ന് പുലി, ഇന്ന് വെറും എലി! തുരന്തോ എക്‌സ്പ്രസിന്റെ പഴയ 'ഗ്ലാമർ' ഇല്ലാതായതെങ്ങനെ?

ഇന്നും രാജ്യത്ത് നിരവധി തുരന്തോകൾ ഓടുന്നുണ്ട്, എന്നാൽ അവയ്‌ക്കെല്ലാം പഴയ പേരോ തലയെടുപ്പോ ഇല്ല

dot image

ന്ത്യയിൽ പല പേരിലുള്ള, പല വിഭാഗങ്ങളിലുള്ള ട്രെയിനുകളുണ്ട് എന്നത് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, എസി എക്സ്പ്രസ്, രാജധാനി, അങ്ങനെ എത്രയോ ട്രെയിനുകൾ. അവയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗം ട്രെയിനുകളാണ് തുരന്തോ. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട്, നോൺ സ്റ്റോപ്പ് സർവീസ് ആയി തുടങ്ങിയ ട്രെയിനുകളായിരുന്നു ഇവ. എന്നാൽ ഇപ്പോൾ അത്ര ഗ്ലാമർ ഇല്ലാത്ത, ആരാലും പരിഗണിക്കപ്പെടാത്ത സർവീസുകളായി തുരന്തോ മാറി. പൊടുന്നനെ ഉയർന്നുവന്ന്, എന്നാൽ ജനപ്രിയതയിൽ അധികം ആയുസില്ലാതെ പോയ സർവീസുകളായിരുന്നു തുരന്തോ സർവീസുകൾ.

2009ലാണ് ആദ്യ തുരന്തോ സർവീസ് അന്നത്തെ റെയിൽവേ മന്ത്രി മമത ബാനർജി ഉദ്‌ഘാടനം ചെയ്തത്. ബംഗാളിലെ സിയാൽദയിൽ നിന്ന് ഡൽഹി വരെയായിരുന്നു ആ സർവീസ്. തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകളിൽ അല്ലാതെ മറ്റൊരു സ്റ്റേഷനിലും സ്റ്റോപ്പുകൾ ഇല്ലാത്ത വിധമായിരുന്നു തുരന്തോയുടെ സർവീസുകൾ ക്രമീകരിച്ചിരുന്നത്. മാത്രമല്ല, നോൺ സ്റ്റോപ്പ് ആയത് കൊണ്ടുതന്നെ മറ്റെല്ലാ പ്രീമിയം ട്രെയിനുകളേക്കാളും മണിക്കൂറുകൾ മുൻപുതന്നെ ട്രെയിൻ ലക്ഷ്യസ്ഥാനത്തുമെത്തും.

നിരവധി തുരന്തോകൾ ഇത്തരത്തിൽ പിൽക്കാലത്ത് റെയിൽവേ തുടങ്ങിയിരുന്നു. മുംബൈയിൽ നിന്ന് ന്യൂ ഡൽഹിയിലേക്ക്, മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക്, ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് അങ്ങനെയങ്ങനെ. എന്നാൽ പോകെപ്പോകെ ട്രെയിൻ ആളില്ലാതെ ഓടുന്ന അവസ്ഥയാണ് കണ്ടുവന്നത്.

നോൺ സ്റ്റോപ്പ് ആയി പോകുന്നതുകൊണ്ടുതന്നെ പലപ്പോഴും തുരന്തോ ആളുകളെ കാര്യമായി ആകർഷിച്ചിരുന്നില്ല. മാത്രമല്ല, പ്രീമിയം നിരക്ക് ഉള്ള ട്രെയിൻ ആയതിനാൽ പലപ്പോഴും രാജധാനിക്കും മുകളിലായിരുന്നു തുരന്തോയിലെ ടിക്കറ്റ് നിരക്ക്. ഈ രണ്ട് കാരണങ്ങളുമാണ് തുരന്തോയുടെ നല്ലകാലത്തിന്റെ പതനത്തിന് കാരണമായത്. തുരന്തോ കടന്നുപോകുന്ന റൂട്ടുകളിൽ യാത്രക്കാർ ഒരുപാടുള്ള നിരവധി സ്റ്റേഷനുകൾ ഉണ്ടായിരുന്നു. ഇവയിൽ പലപ്പോഴും വെള്ളം നിറയ്ക്കാനും മറ്റുമുള്ള ടെക്നിക്കൽ സ്റ്റോപ്പുകൾ മാത്രമാണ് തുരന്തോയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉള്ള രാജധാനി, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ അനവധിയുണ്ടായിരുന്നു. ഇതോടെ ജനങ്ങൾ തുരന്തോയെ കൈവിടുകയും, ആ പഴയ 'ഗ്ലാമർ' തുരന്തോയ്ക്ക് നഷ്ടപ്പെടുകയുമായിരുന്നു.

പോകെപ്പോകെ തുരന്തോ സാധാരണ എക്സ്പ്രസ് ട്രെയിനുകളെപ്പോലെ ആയിമാറി. അവയ്ക്ക് സ്റ്റോപ്പുകൾ വർധിച്ചു. വേഗത കുറഞ്ഞു. 2012ൽ നിരത്തിലിറങ്ങിയ ചെന്നൈ - തിരുവനന്തപുരം നോൺസ്റ്റോപ്പ്‌ തുരന്തോ വണ്ടിയെ തൊട്ടടുത്ത വർഷം തന്നെ എസി എക്സ്പ്രസ് ആക്കിയതും സ്റ്റോപ്പുകൾ വർധിപ്പിച്ചതും ഒരു ഉദാഹരണമാണ്. ഇപ്പോൾ ഈ ട്രെയിനിന് കേരളമൊട്ടാകെ നിരവധി സ്റ്റോപ്പുകളുണ്ട്. ഇത്തരത്തിൽ സാമ്പത്തികമായും മറ്റും തുരന്തോ ലാഭകരമാകുന്നില്ല എന്ന് കണ്ടുകൊണ്ടു കൂടിയായിരുന്നു സ്റ്റോപ്പുകൾ നൽകാനുള്ള തീരുമാനം റെയിൽവേ എടുത്തത്.

ഇന്നും രാജ്യത്ത് നിരവധി തുരന്തോകൾ ഓടുന്നുണ്ട്. എന്നാൽ അവയ്‌ക്കെല്ലാം പഴയ പേരോ തലയെടുപ്പോ ഇല്ല. ഒരു കാലത്ത് വേഗത്തിൽ പാഞ്ഞ തുരന്തോ ഇപ്പോൾ രാജധാനിക്കും മറ്റ് പല തീവണ്ടികൾക്കും പിന്നിൽ ഇഴയുകയാണ്. സമയലാഭം കണക്കിലാക്കി പുറത്തിറക്കിയ പല തുരന്തോകളും ഇന്ന് സാധാരണ സൂപ്പർഫാസ്റ്റ്, രാജധാനി തീവണ്ടികളേക്കാൾ സമയമെടുക്കുന്നുമുണ്ട്. ചില തുരന്തോകൾ റെയിൽവേ തന്നെ യാത്രക്കാർ ഇല്ലാത്തതിനാൽ നിർത്തലാകുകയും ചെയ്തു. അവശേഷിക്കുന്നവയിൽ ആകട്ടെ, അവധിക്കാലത്തും മറ്റും മാത്രമാണ് കനത്ത തിരക്ക് അനുഭവപ്പെടുന്നത്. ഇത്തരത്തിൽ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന, എന്നാൽ പ്രതീക്ഷിച്ച ഫലം ഒട്ടും തരാത്ത തീവണ്ടികളായി തുരന്തോ ഇപ്പോഴും ഓടുന്നുണ്ട്.

Content Highlights: How Duronto express failed

dot image
To advertise here,contact us
dot image