
രാത്രി കടല്‍ത്തീരത്തു നില്‍ക്കുമ്പോള്‍ നീല നിറത്തില്‍ തിളങ്ങുന്ന തിരമാലകള്‍ കാലുകളെ തഴുകി പോകുന്ന ദൃശ്യം സങ്കല്‍പ്പിച്ചുനോക്കൂ. 'കവര്' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് വരിക കുമ്പളങ്ങിയായിരിക്കും. എന്നാല്‍ കുമ്പളങ്ങി മാത്രമല്ല, കവര് കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍ വേറെയുമുണ്ട് ഇന്ത്യയില്‍. ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെയാണ് നാം കവര് എന്ന് വിളിക്കുന്നത്. കടലിലുളള ബാക്ടീരിയ, ആല്‍ഗ, ഫംഗസ് തുടങ്ങിയ സൂഷ്മജീവികള്‍ പ്രകാശം പുറത്തുവിടുന്നതാണ് ബയോലൂമിനസെന്‍സ് എന്നറിയപ്പെടുന്നത്. സാധാരണ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് കവര് പൂക്കുന്നത്. വെളളം ഇളകുമ്പോഴാണ് കവരിന്റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാനാവുക. അങ്ങനെ കവര് കാണാന്‍ കഴിയുന്ന ഇന്ത്യയിലെ ബീച്ചുകള്‍ ഏതൊക്കെയെന്ന് നോക്കാം.
ലക്ഷദ്വീപിലെ ബംഗാരം ദ്വീപുകള്‍
ലക്ഷദ്വീപിലെ ജനവാസമുളള ദ്വീപുകളിലൊന്നാണ് ബംഗാരം. അഗത്തി ദ്വീപില്‍ നിന്ന് സ്പീഡ് ബോട്ടില്‍ 20 മിനിറ്റിനുളളില്‍ ഇവിടെ എത്തിച്ചേരാം. ലക്ഷദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരും വിദേശ വിനോദസഞ്ചാരികളുമാണ് പൊതുവേ ഈ ദ്വീപ് തെരഞ്ഞെടുക്കുന്നത്. പകല്‍ ഒറ്റപ്പെട്ട്, ശാന്തമായി, തെങ്ങുകളാല്‍ ചുറ്റപ്പെട്ടയിടമാണ് ബംഗാരം ദ്വീപ്. എന്നാല്‍ രാത്രിയില്‍ ദ്വീപിലെ കടലോരങ്ങളില്‍ കവര് തെളിയും. നഗരപ്രദേശങ്ങളില്‍ നിന്ന് വളരെ അകലെയാണ് എന്നതുകൊണ്ടുതന്നെ കവര് കൂടുതല്‍ മനോഹരമായി ദൃശ്യമാകും. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.
മോര്‍ജിം ബീച്ച് ഗോവ
ഗോവയിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ പ്രധാനിയായ മോര്‍ജിം ബീച്ച് അതിന്റെ രാത്രികാല സൗന്ദര്യത്തിന് പേരുകേട്ടതാണ്. ഈ ബീച്ചിലെത്തിയാല്‍ കവരിന്റെ സൗന്ദര്യം ആസ്വദിക്കാമെന്ന് മാത്രമല്ല വേണമെങ്കില്‍ ആ നീലവെളിച്ചത്തില്‍ നീന്തുകയും ചെയ്യാം. ബയോലൂമിനെസന്‍സ് മനുഷ്യന് ദോഷകരമല്ലാത്തതിനാല്‍ തന്നെ സുരക്ഷിതമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ബയോലൂമിനെസന്‍സ് പ്രതിഭാസമുണ്ടാവുക. സൗത്ത് ഗോവയിലുളള ബെറ്റാല്‍ബാറ്റിം ബീച്ചും കവരിന് പേരുകേട്ട ബീച്ചാണ്. ഗോവയിലെ സണ്‍സെറ്റ് ബീച്ച് എന്നുകൂടി അറിയപ്പെടുന്ന ഈ ബീച്ച് മറ്റ് ഗോവന്‍ ബീച്ചുകളേക്കാള്‍ തിരക്ക് കുറഞ്ഞ ഒന്നാണ്. അതുകൊണ്ടുതന്നെ കവര് കാണാന്‍ അനുയോജ്യമായ ഇടമാണ്.
മട്ടു ബീച്ച് കര്‍ണാടക
കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുളള മട്ടു ബീച്ചാണ് കവര് കാണാന്‍ അനുയോജ്യമായ മറ്റൊരു ബീച്ച്. മറ്റ് ബീച്ചുകള്‍ പോലെ അധികം വിനോദസഞ്ചാരികള്‍ എത്തിപ്പെടാത്ത ഒന്നാണ് മട്ടു ബീച്ച്. അതുകൊണ്ടുതന്നെ സമാധാനമായി കവര് കാണാനും ആസ്വദിക്കാനും ഇവിടെയെത്തിയാല്‍ സാധിക്കും. മഴക്കാലത്തും മണ്‍സൂണ്‍ അവസാനിച്ചതിനുശേഷവുമാണ് ഇവിടെ കവര് കാണാന്‍ കഴിയുക.
രാധാനഗര്‍ ബീച്ച്
ആന്‍ഡമാന്‍ നികോബര്‍ ദ്വീപുസമൂഹത്തിലെ ഹാവ് ലോക് ദ്വീപുകളില്‍ സ്ഥിതിചെയ്യുന്ന രാധാനഗര്‍ ബീച്ച് ബയോലൂമിനസെന്‍സ് പ്രതിഭാസത്തിന് പേരുകേട്ട ബീച്ചാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള സമയമാണ് ഇവിടെ കവര് കാണാന്‍ അനുയോജ്യം. എന്നാല്‍ ഈ സമയത്ത് ഉയര്‍ന്ന വേലിയേറ്റം മൂലം വെളളം കൂടുതല്‍ കലങ്ങിയിരിക്കും. അതുകൊണ്ടുതന്നെ കവര് കാണാനായി ബോട്ട് സവാരി നടത്തുന്നതായിരിക്കും നല്ലത്. ബോട്ടിലിരുന്നുകൊണ്ട് ഓളം തല്ലുന്ന തിരയില്‍ കവരിന്റെ നീലവെളിച്ചം ആസ്വദിക്കാനാകും.
Content Highlights: Bioluminescense beaches in india