
പല കാര്യങ്ങൾക്കായി യുഎസിലേക്ക് പോകുന്നവർ അനവധിയാണ്. ജോലിയുടെ ഭാഗമായി പോകുന്നവർ, സന്ദർശിക്കാൻ പോകുന്നവർ അങ്ങനെ നിരവധി വിഭാഗം ആളുകൾ യുഎസിലേക്ക് പോകാറുണ്ട്. വിസിറ്റിങ് വിസ ആയാൽപ്പോലും അപേക്ഷിച്ചയാളെ കൃത്യമായി നിരീക്ഷിച്ച്, എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ യുഎസ് അധികൃതർ വിസ നൽകാറുള്ളൂ. മാത്രമല്ല, മറ്റ് പല കാര്യങ്ങളും കൂടി അധികൃതർ പരിശോധിക്കാറുണ്ട്.
യുഎസ് സന്ദർശിക്കാൻ അപേക്ഷ നൽകിയയാളുടെ സോഷ്യൽ മീഡിയ കൾച്ചറും മറ്റും അധികൃതർ പരിശോധിക്കാറുണ്ട്. ഓൺലൈൻ പ്രൊഫൈലുകൾ, പ്രൊഫഷണൽ പ്രൊഫൈലുകൾ എന്നിവയെല്ലാം അധികൃതർ പരിശോധിക്കും. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രെഷൻ സർവീസ്, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും നമ്മുടെ സോഷ്യൽ മീഡിയയിൽ ഒരു കണ്ണുണ്ടാകും.
സംശയാസ്പദമായ രീതിയിലുള്ള പോസ്റ്റുകളോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതർക്ക് ആപ്ലിക്കേഷൻ തഴയുകയും ചെയ്യാം. ഈ പരിശോധന വിസാ അപ്ലിക്കേഷനുകളെ, പൗരത്വ നടപടികളെ എല്ലാം ബാധിക്കും. നേരത്തെതന്നെ ഈ രീതി ഉണ്ടായിരുന്നുവെങ്കിലും സമീപകാലത്താണ് അവ കൂടുതലും ശക്തമായത്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും മുൻനിർത്തിയാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. വ്യക്തിപരമായ വിവരശേഖരണത്തിന് ഉപരിയായാണ് ഈ 'സോഷ്യൽ മീഡിയ' പരിശോധനയും നടക്കുക. ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന തരത്തിലുള്ള എന്ത് പോസ്റ്റുകൾ കണ്ടാലും അധികൃതർ വിസ തഴയുക എന്നതടക്കമുളള നടപടികളിലേക്ക് കടക്കും.
Content Highlights: us authorities to supervise online activities of visa applicant