മലബാറും മാവേലിയുമൊക്കെ ഫുൾ ആയാലെന്താ? വിഷുവിന് വീട്ടിലെത്താൻ ഈ സ്പെഷ്യൽ ട്രെയിനില്‍ ടിക്കറ്റ് നോക്കൂ..

കേരളത്തിനകത്ത് പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്

dot image

വേനലവധിക്കാലത്ത് റെയിൽവേ നിരവധി സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുക പതിവാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്, തിരക്കുള്ള റൂട്ടുകൾ പഠിച്ച ശേഷമായിരിക്കും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുക. ഇത്തരത്തിൽ കേരളത്തിന് പുറത്തേയ്ക്ക് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കെല്ലാം ട്രെയിനുകൾ നിലവിൽ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിനകത്ത് യാത്ര ചെയ്യുന്നവരും ശരിക്കും പ്രതിസന്ധിയിലാകാറുണ്ട്. പ്രധാനപ്പെട്ട തീവണ്ടികളിലെല്ലാം ടിക്കറ്റുകൾ ചൂടപ്പം പോലെ മാസങ്ങൾക്ക് മുൻപേ വിറ്റുതീർന്ന് പോകുകയാണ് പതിവ്. നിലവിലെ സാഹചര്യവും അതെ, പ്രധാനപ്പെട്ട ട്രെയിനുകളിൽ ടിക്കറ്റുകൾ കിട്ടാനില്ല.

ഈ സാഹചര്യത്തിൽ തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ ഒരു പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ. കേരളത്തിനകത്ത് പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രി സർവീസായാണ് ട്രെയിൻ വരിക. കേരളത്തിൽ നിലവിൽ മാവേലി എക്സ്പ്രസ്സ്, മലബാർ എക്സ്പ്രസ്സ്, തിരുവനന്തപുരം എക്സ്പ്രസ്സ് എന്നീ മൂന്ന് പ്രധാനപ്പെട്ട ട്രെയിനുകളാണ് മലബാർ മേഖലയെ തെക്കൻ കേരളവുമായി ബന്ധപ്പെടുത്തുന്നത്. ഈ ട്രെയിനുകളിൽ എല്ലാം ടിക്കറ്റുകൾ ഇതിനകം തന്നെ കിട്ടാനില്ല. അവധിക്കാലവും വിഷുവും തിരക്കിന് കാരണമാണ്. പുതിയ ട്രെയിൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് സുഖമായി വിഷുക്കാലത്ത് വീടുകളിലെത്താം.

ഏപ്രിൽ 12,19,26 മെയ് 3 എന്നീ ശനിയാഴ്ചകളിലാണ് മംഗലാപുരത്ത് നിന്നും ട്രെയിൻ സർവീസ് നടത്തുക. മംഗലാപുരത്ത് നിന്നും വൈകീട്ട് ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 6.35 നോർത്ത് എത്തും. ഏപ്രിൽ 13,20,27,മെയ് 4 എന്നീ ഞായറാഴ്ചകളിൽ വൈകുന്നേരം 6.40ന് നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് കാലത്ത് ഏഴ് മണിയോടെ മംഗലാപുരമെത്തും. ആലപ്പുഴ വഴിയാണ് സർവീസ്.

കേരളത്തിൽ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ എല്ലാം ട്രെയിനിന് സ്റ്റോപ്പുണ്ട്. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

Content Highlights: Special train between trivandrum and mangaluru

dot image
To advertise here,contact us
dot image