എയര്‍ കേരള കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്; ആദ്യ വിമാനം ജൂണില്‍

ആലുവയിൽ നിർമ്മാണം പൂർത്തിയായ കോർപറേറ്റ് ഓഫീസിൻ്റെ ഉദ്ഘാടനം 15ന് വൈകിട്ട് 5.30ന് വ്യവസായ മന്ത്രി പി രാജീവ് നിർവ്വഹിക്കുക

dot image

കേരളത്തിൽ നിന്ന് ആദ്യ വിമാന സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ഏപ്രില്‍ 15ന് നടക്കും. ആലുവയിൽ നിർമ്മാണം പൂർത്തിയായ കോർപറേറ്റ് ഓഫീസിൻ്റെ ഉദ്ഘാടനം 15ന് വൈകിട്ട് 5.30ന് വ്യവസായ മന്ത്രി പി രാജീവ് നിർവ്വഹിക്കും. ചടങ്ങിൽ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെ​ഹനാൻ, ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എംം ജോൺ എന്നിവർ പങ്കെടുക്കും.

ആലുവ മെട്രോ സ്റ്റേഷൻ സമീപത്താണ് മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിശാലമായ ഓഫീസ് സ്ഥിതി ചെയ്യുന്നത്. 200ലേറെ വ്യോമയാന വിദ​ഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം അവനാമാകുമ്പോഴേക്കും 750-ല്‍ അധികം തൊഴിൽ സേവനങ്ങൾ സൃഷ്ടിക്കുമെന്ന് എയർ കേരള മാനേജ്മെൻ്റ് അറിയിച്ചു.ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസായിരിക്കും. വൈകാതെ രാജ്യാന്തര സർവീസും ആരംഭിക്കും. ജൂണിൽ കൊച്ചിയിൽ നിന്നായിരിക്കും എയർ കേരളയുടെ വിമാനം പറന്നുയരുക.

അള്‍ട്രാ ലോ കോസ്റ്റ് വിമാന സര്‍വീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുത്തതുമായി ബന്ധപ്പെട്ട് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങള്‍ സ്വന്തമായി വാങ്ങാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അയ്യബ് കല്ലട പറഞ്ഞു.

ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട ന​ഗരങ്ങളെ മെട്രോ ന​ഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിനായി ഉപയോ​ഗിക്കുന്നത്. എല്ലാം എകണോമിക് സീറ്റുകളായിരിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസും എയർ കേരളയിൽ മലയാളികൾക്ക് പ്രതീക്ഷകളേറെയാണ്. 

Content Highlights: Air kerala kochi office inauguration

dot image
To advertise here,contact us
dot image