
തിരുവനന്തപുരത്ത് നിന്ന് സെക്കന്ദരാബാദ് വരെ പോകുന്ന ശബരി എക്സ്പ്രസിന്റെ സമയവും സ്റ്റേഷനുമെല്ലാം മാറുന്നു. ഇത് സംബന്ധിച്ചുള്ള നിർദേശം സൗത്ത് സെൻട്രൽ റെയിൽവേ പുറപ്പെടുവിച്ചു. ഇവയ്ക്ക് അംഗീകാരം ലഭിച്ചാൽ ശബരി 'ആകെ മാറും'.
പുതിയ നിർദേശം അംഗീകരിക്കപ്പെട്ടാൽ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചിരുന്ന ശബരി തിരുവനന്തപുരം നോർത്തിലേക്ക്, അതായത് കൊച്ചുവേളിയിലേക്ക് മാറും. സെക്കന്ദരാബാദിൽ എത്തിയിരുന്ന ട്രെയിൻ ഇനി ചെർലപള്ളി സ്റ്റേഷനിലായിരിക്കും സർവീസ് അവസാനിപ്പിക്കുക. ഇവയോടൊപ്പം നിലവിൽ എക്സ്പ്രസ് ആയി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനെ സൂപ്പർഫാസ്റ്റ് ആക്കി മാറ്റാനും നിർദേശമുണ്ട്. ഇതോടെ വേഗത വർധിക്കുമെന്ന് മാത്രമല്ല, ടിക്കറ്റു നിരക്കും കൂടിയേക്കും.
പുതിയ സ്റ്റേഷനുകളിലേക്ക് മാറുന്നതിനോടൊപ്പം ശബരിയുടെ സമയത്തിലും മാറ്റമുണ്ട്. കാലത്ത് 6.45ന് തിരുവനന്തപുരത്തുനിന് പുറപ്പെട്ടിരുന്ന ട്രെയിൻ നോർത്തിൽ നിന്ന് വൈകീട്ട് 5.30യ്ക്കായിരിക്കും പുറപ്പെടുക. രാത്രി 12.15ന് പാലക്കാടെത്തുകയും രാത്രി 9.45ന് ചെർലപള്ളി എത്തുകയും ചെയ്യും. മടക്ക ട്രെയിൻ രാവിലെ 9:45ന് ചെർലപള്ളിയിൽ നിന്ന് പുറപ്പെടുകയും അടുത്ത ദിവസം രാവിലെ 6.15ന് പാലക്കാട് എത്തുകയും ഉച്ചയ്ക്ക് രണ്ട് മണിക്ക് നോർത്തിൽ എത്തുകയും ചെയ്യും.
ശബരിയുടെ സമയം മാറുന്നതോടെ നിരവധി യാത്രക്കാർ പ്രതിസന്ധിയിലാകും. കാലത്ത് അഞ്ചുമണിക്ക് ശേഷം തിരുവനന്തപുരത്തുനിന്ന് ജനശതാബ്ധിയും വേണാടും കഴിഞ്ഞാൽ കൊല്ലം, കോട്ടയം, എറണാകുളം ഭാഗത്തേയ്ക്ക് യാത്രക്കാർ സ്ഥിരം ആശ്രയിക്കുന്ന വണ്ടിയാണ് ശബരി എക്സ്പ്രസ്സ്. ഓഫീസുകളിലേക്ക് പോകുന്നവരും ഈ ട്രെയിനിനെ ആശ്രയിക്കാറുണ്ട്. കാലത്ത് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരത്തേയ്ക്ക് സമയം മാറുന്നതോടെ ശബരിക്ക് മുൻപുള്ള പരശുറാം എക്പ്രസിൽ തിരക്ക് ക്രമാതീതമായി വർദ്ധിക്കുമോ എന്നതാണ് ആശങ്ക. ഈ സമയത്ത് എറണാകുളം ഭാഗത്തേയ്ക്ക് ഒരു ട്രെയിൻ കൂടി വേണമെന്ന ആവശ്യവും ശക്തമാകാനിടയുണ്ട്.
ഇവയോടൊപ്പം ശബരി എക്സ്പ്രസിന്റെ ലുക്കും മാറുകയാണ്. ഏപ്രിൽ 18ന് സെക്കന്ദരാബാദിൽ നിന്ന് യാത്രയാരംഭിക്കുന്ന ശബരി എക്സ്പ്രസ്സ് പുത്തൻ പുതിയ LHB കൊച്ചുകളുമായിട്ടായിരിക്കും യാത്ര തിരിക്കുക. തുടർന്ന് ഇരുപതാം തീയതി തിരുവന്തപുരത്തു നിന്നും പുതിയ കോച്ചുകളുമായി സർവീസ് നടത്തും. വർഷങ്ങളായി ഈ ട്രെയിനിന് അത്യാധുനിക കോച്ചുകളായ എൽഎച്ച്ബി കോച്ചുകൾ വേണമെന്ന ആവശ്യം ഉയരുണ്ടായിരുന്നു. ആ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.