ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് ചൈന. ചൈനയിലെ ഉപഭോഗസംസ്കാരം രാജ്യം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനമെന്ന നിലയിലെല്ലാം കേരളത്തിൽ ഉൾപ്പെടെ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ ഡെങ്ങിൻ്റെ സോഷ്യലിസ്റ്റ് കമ്പോളവ്യവസ്ഥയെന്ന പ്രത്യയശാസ്ത്ര വീക്ഷണത്തിലാണ് ചൈന മുന്നോട്ടു പോകുന്നതെന്ന വിശദീകരണങ്ങളുമുണ്ട്. എന്തുതന്നെയായാലും ചൈനയിൽ ഇപ്പോൾ ഹിറ്റായി മാറിയിരിക്കുകയാണ് സിംഗിൾ ഡേയെന്ന ഷോപ്പിംഗ് ആഘോഷം.
പാശ്ചാത്യ നാടുകളിലെ ബ്ലാക്ക് ഫ്രൈഡേയ്ക്കും സൈബർ തിങ്കളാഴ്ചയ്ക്കും ഒപ്പം തലയെടുപ്പുള്ള ഷോപ്പിംഗ് ഫെസ്റ്റായി സിംഗിൾ ഡേ ഷോപ്പിംഗ് മാറിയിട്ടുണ്ട്. ഇത്തവണ പക്ഷെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഇതുവരെയുള്ള കാലയളവിലെ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ഡേ വിൽപ്പന കാലയളവാണ് ഇത്തവണ ഉണ്ടായത്. ഒക്ടോബർ 14 ന് ആരംഭിച്ച് നവംബർ 11ന് അവസാനിച്ച ഇത്തവണത്തെ ഷോപ്പിംഗ് ഫെസ്റ്റ് എക്കാലത്തെയും ദൈർഘ്യമേറിയ സിംഗിൾസ് ഡേ വിൽപ്പന കാലയളവിനെ അടയാളപ്പെടുത്തി.
2009ൽ ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കാലത്തായിരുന്നു ചൈനീസ് ഇ-കൊമേഴ്സ് ഭീമന്മാരായ ആലിബാബ സിംഗിൾ ഡോ ഷോപ്പിംഗ് ഇവൻ്റിന് തുടക്കം കുറിക്കുന്നത്. നവംബർ 11 അല്ലെങ്കിൽ '11.11' എന്ന ഇവൻ്റിൻ്റെ ജനപ്രീതി തുടർന്നുള്ള വർഷങ്ങളിൽ കുതിച്ചുയർന്നു. ഡിസ്കൗണ്ടുകളുടെയും കസ്റ്റമർ ഫ്രണ്ട്ലി ഓഫറുകളുടെയും ഡീലുകളുടെയും പര്യായമായി '11.11' എന്നത് മാറി. യഥാർത്ഥത്തിൽ സിംഗിൾസ് ഡേ എന്ന ആശയം 1993 ൽ ചൈനയിലെ നാൻജിംഗ് സർവകലാശാലയിലാണ് ആദ്യമായി തുടക്കം കുറിച്ചത്. തുടക്കത്തിൽ 'ബാച്ചിലേഴ്സ് ഡേ' എന്നായിരുന്നു ഇത് വിളിക്കപ്പെട്ടത്. അവിവാഹിതരായ വ്യക്തികളുടെ സാമൂഹിക ഒത്തുചേരലായിരുന്നു ഈ ആഘോഷത്തിൻ്റെ ഹൈലൈറ്റ്. പരസ്പരം സമ്മാനങ്ങളെല്ലാം കൈമാറി ഒത്തുചേരാനായി ഇവർ കണ്ടെത്തിയ ആശയത്തെയാണ് പിന്നീട് പതിനാറ് വർഷത്തിന് ശേഷം ആലിബാബ ചില്ലറ വിൽപ്പനക്കാരുടെ ഷോപ്പിംഗ് ഫെസ്റ്റാക്കി മാറ്റിയത്. ഇത് പിന്നീട് ചൈനയിലെ ഒരു വലിയ ഓൺലൈൻ ഷോപ്പിംഗ് ഉത്സവമായി പരിണമിച്ചു. ഡീലുകൾക്കും ഓഫറുകൾക്കുമായി കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആവേശമായി പിന്നീട് സിംഗിൾ ഡേ എന്ന ആലിബാബയുടെ ആശയം മാറി. കാലക്രമേണ, JD.com, Pinduoduo പോലുള്ള ചൈനയിലെ മറ്റ് പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ബാൻഡ്‌വാഗണിൽ ചേർന്നു. ഇതോടെ സിംഗിൾസ് ഡേ ചൈനയിലെ രാജ്യവ്യാപകമായ ഷോപ്പിംഗ് ആഘോഷമായി മാറി.
കഴിഞ്ഞ വർഷത്തെ സിംഗിൾസ് ദിനത്തിൽ ചൈനീസ് ഉപഭോക്താക്കൾ 1.14 ട്രില്യൺ യുവാൻ ($156.4 ബില്യൺ) ചെലവഴിച്ചതായാണ് സിൻ്റൺ ഡാറ്റയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ബ്ലാക്ക് ഫ്രൈഡേയും സൈബർ തിങ്കളാഴ്ചയും ഉൾപ്പെടുന്ന യുഎസിലെ സൈബർ വീക്കിൽ അമേരിക്കൻ ഉപഭോക്താക്കൾ ചെലവഴിച്ച 38 ബില്യൺ ഡോളറിനെ ഇത് ബഹുദൂരം പിന്നിലാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കുകളിൽ മുന്നിൽ നിൽക്കുമ്പോഴും സിംഗിൾ ഡേ വിൽപ്പനയിലെ വളർച്ച മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷത്തെ വിൽപ്പന വർദ്ധനവ് വെറും 2 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മന്ദഗതിയിലുള്ള ഉപഭോക്തൃ സ്വഭാവങ്ങളും വിപണിയുടെ തനിനിറവും ഇതിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് അനുമാനം. ഈ വർഷത്തെ വിൽപ്പന 1.2 ട്രില്യൺ യുവാൻ (167 ബില്യൺ ഡോളർ) എത്തുമെന്ന് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ ഈ വർഷം ഇത് 15 ശതമാനം വർധനയെന്ന നിലയിൽ കണക്കാക്കപ്പെടും. പലരും ഡിസ്‌കൗണ്ട് പരിധിയിലെത്താൻ ബൾക്ക്-ബയ്‌സ് ചെയ്യുന്നതിനാൽ ഈ വർദ്ധനവ് വരുമാന വർദ്ധനവിന് കാരണമാകുമെങ്കിലും ലാഭം ഇല്ലാതാക്കിയേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സമീപ വർഷങ്ങളിൽ, സിംഗിൾസ് ഡേയുടെ ഉപഭോക്തൃ ചെലവ് പാറ്റേണുകളിലും മാറ്റമുണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളിൽ ആഡംബര വസ്‌തുക്കളിലും ബിഗ് ടിക്കറ്റ് ഇനങ്ങളിലും കുതിച്ചുചാട്ടം നടന്നപ്പോൾ, കഴിഞ്ഞ വർഷം ടിഷ്യൂകൾ, ഹാൻഡ്‌വാഷ്, വളർത്തുമൃഗങ്ങളുടെ ഭക്ഷണം തുടങ്ങിയവയ്ക്കായിരുന്നു ഡിമാൻ്റ്. എന്നാൽ ഈ വർഷം ഗാർഹിക വീട്ടുപകരണങ്ങൾ ട്രാക്ഷൻ നേടിയിട്ടുണ്ട്. ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി ചൈനീസ് സർക്കാർ അവതരിപ്പിച്ച 150 ബില്യൺ യുവാൻ ട്രേഡ്-ഇൻ സബ്‌സിഡി സ്കീമിൻ്റെ ഭാഗമാണ് ഇതെന്നാണ് കണക്കാക്കുന്നത്. ഇ-കൊമേഴ്‌സ് ഭീമന്മാർക്കിടയിൽ മത്സരം ശക്തമാകുമ്പോൾ സിംഗിൾസ് ഡേയുടെ പശ്ചാത്തലവും മാറുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സിംഗിൾ ഡേയിൽ ആലിബാബ പ്രധാനിയായി തുടരുമ്പോഴും JD.com ഉം മറ്റ് പ്ലാറ്റ്‌ഫോമുകളും അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അഭ്യന്ത്ര ഉപഭോഗം വർദ്ധിപ്പിക്കാനും ആളുകളുടെ ചെലവിടൽ ശേഷി വർദ്ധിപ്പിക്കാനും സർക്കാർ നടപടികൾ ഉണ്ടായിട്ടും മന്ദഗതിയിലുള്ള ആഭ്യന്തര ഉപഭോഗം ചൈനയെ സംബന്ധിച്ച് വെല്ലുവിളിയാകുന്ന നിർണായകമായ സമയത്താണ് സിംഗിൾസ് ഡേ ആഘോഷമായി മാറിയിരിക്കുന്നത്. ഉപഭോഗം-അധിഷ്ഠിത സാമ്പത്തിക ഉണർവിന് സർക്കാർ ശ്രമിക്കുമ്പോഴും കോവിഡ് മഹാമാരിക്ക് മുമ്പുള്ള വളർച്ചാ നിലവാരത്തിലേക്കുള്ള പൂർണ്ണമായ തിരിച്ചുവരവിന് കൂടുതൽ ഗണ്യമായ സാമ്പത്തിക ഇടപെടൽ ആവശ്യമായി വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എക്കാലത്തെയും ദൈർഘ്യമേറിയ സിംഗിൾസ് ഡോ ഷോപ്പിംഗ് ഫെസ്റ്റ് അവസാനിക്കുമ്പോൾ തുടർച്ചയായ രണ്ടാം വർഷവും ആലിബാബവും JD.com വെളിപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചിരിക്കുന്ന അവസാന വിൽപ്പന കണക്കുകളിലേക്കാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വെല്ലുവിളികൾക്കിടയിലും സിംഗിൾസ് ഡേ ഇത്രയും ആഘോഷമായി കൊണ്ടടപ്പെട്ടത് ചൈനയുടെ റീട്ടെയിൽ കരുത്തിൻ്റെ സൂചനയായണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: China's Singles Day shopping ends as Beijing eyes consumption recovery