പ്രമുഖ കാർനിർമാതാക്കളായ ഫോക്‌സ്‌വാഗൺ കമ്പനിക്കെതിരെ ഗുരുതര നികുതി വെട്ടിപ്പ് ആരോപണം. ഫോക്‌സവാഗൺ കമ്പനിയുടെ ആഡംബര കാറായ ഔഡി, വിഡബ്ല്യു, സ്‌കോഡ കാറുകള്‍ സ്‌പെയർപാർട്‌സുകൾ ആണെന്ന പേരില്‍ ഇറക്കുമതി നടത്തി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചെന്നാണ് ആരോപണം. 1.4 ബില്ല്യൺ ഡോളർ ( ഏകദേശം പന്ത്രണ്ടായിരം കോടി ഇന്ത്യൻ രൂപ) നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് കേന്ദ്രസർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചത്.
ഇന്ത്യയിലേക്ക് വിദേശ കാറുകൾ ഇറക്കുമതി ചെയ്യുന്നതിന് 30 മുതൽ 35 ശതമാനം വരെ നികുതിയടക്കണം. എന്നാൽ ഫോക്‌സ്‌വാഗൺ വിദേശത്ത് നിർമിച്ച കാറുകൾ വിവിധ ഭാഗങ്ങളാക്കി തിരിച്ച് സ്‌പെയർ പാട്‌സ് വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു ഇന്ത്യയിൽ ഇറക്കുമതി ചെയ്തിരുന്നത്. കാറിന്റെ സ്‌പെയർപാർട്‌സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 5 മുതൽ 15 ശതമാനം മാത്രമായിരുന്നു ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ അടച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ലക്കി ഭാസ്കര്‍ സിനിമയില്‍ സമാനമായി നികുതി വെട്ടിക്കുന്ന രംഗമുണ്ട്.
ഫോക്‌സ്‌വാഗന്റെ ഇന്ത്യൻ യൂണിറ്റായ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ, സ്‌കോഡ സൂപ്പർബ്, കൊഡിയാക് എന്നിവയും ഔഡി എ4, ക്യു5 തുടങ്ങിയ ആഡംബര കാറുകളും, വിഡബ്ല്യുവിന്റെ ടിഗ്വാൻ എസ്യുവി എന്നിവയും ഇത്തരത്തിൽ ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്‌തെന്നാണ് റിപ്പോർട്ട്. പരിശോധനയിൽ ഇത് കണ്ടുപിടിക്കാതിരിക്കാനും നികുതി ഒഴിവാക്കാനുമായി പാർട്‌സുകൾ വിവിധ ഷിപ്പ്‌മെന്റുകളായിട്ടാണ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നതെന്നും പരിശോധയിൽ കണ്ടെത്തിയാതായാണ് റിപ്പോർട്ടിൽ പറയുന്നത്. മഹാരാഷ്ട്ര കസ്റ്റംസ് ആണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരിക്കുന്നത്.
ഫോക്‌സ്‌വാഗണിന് നികുതി വെട്ടിപ്പ് കേസിൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഫ്രാങ്ക്ഫർട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഫോക്‌സ്‌വാഗൺ ഓഹരികൾ 2.13% ഇടിഞ്ഞു. 2012 മുതലാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ കാലയളവിൽ ഇറക്കുമതി നികുതികളും മറ്റ് അനുബന്ധ നികുതികളും ചേർത്ത് 2.35 ബില്ല്യൺ ഡോളർ നികുതി ( എകദേശം ഇരുപതിനായിരം കോടി ഇന്ത്യൻ രൂപ)യായിരുന്നു കമ്പനി ഇന്ത്യയിൽ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ ഇതിൽ 981 ദശലക്ഷം ഡോളർ (എകദേശം എട്ടായിരം കോടി ഇന്ത്യൻ രൂപ ) നികുതി മാത്രമാണ് കമ്പനി ഇന്ത്യയിൽ അടച്ചത്. ഇതിലൂടെ 12,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. 30 ദിവസത്തിനകം നോട്ടീസിന് മറുപടി പറയാനാണ് നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലും സ്വദേശമായ ജർമനിയിലും വിവിധ കേസുകളിൽ ഫോക്‌സ്‌വാഗൺ നിയമ പോരാട്ടം നടത്തുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ ജർമനിയിലെ കാർനിർമാണ പ്ലാന്റിലെ തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഫോക്‌സ്‌വാഗണിനെതിരെ തൊഴിൽ സമരവും നടക്കുന്നുണ്ട്. അതേസമയം ഫോക്‌സ്‌വാഗൺ അതാത് രാജ്യത്തെ നിയമങ്ങൾ പൂർണമായി അനുസരിക്കുന്നവരാണെന്നും, ലഭിച്ച നോട്ടീസിന് കൃത്യസമയത്ത് മറുപടി നൽകുമെന്നും ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ വക്താവ് പറഞ്ഞു.
Content Highlights: Volkswagen India unit get Notice 12,000 crore tax evasion, Like DQ Lucky Baskhar Model