എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ നേരത്തെ വർധിപ്പിച്ചിരുന്നു. ഒരുമാസത്തിന് പിന്നാലെ ഡിസംബറില്‍ വീണ്ടും ഇന്ധനവില വർധിപ്പിച്ചതോടെയാണ് വിമാനക്കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.
3.3 ശതമാനത്തിന്റെ വളർച്ചയാണ് എടിഎഫിന്റെ വിലയിൽ ഒരുമാസം കൊണ്ട് ഉണ്ടായത്. ഡൽഹിയിൽ ഒരു കിലോലിറ്റർ എടിഎഫിന് 91,856.84 രൂപയും കൊൽക്കത്തയിൽ 94,551.63 രൂപയും മുംബൈയിൽ 85,861.02 രൂപയും ചെന്നൈയിൽ 95,231.49 രൂപയുമാണ് ഇന്നത്തെ വില.
ഒക്ടോബർ ഒന്നിന് കിലോലിറ്ററിന് 5,883 രൂപയും സെപ്റ്റംബർ ഒന്നിന് 4,495.5 രൂപയും കുറച്ചിരുന്നു. പിന്നീട് നവംബർ മാസത്തിൽ ഇന്ധന വില 1318 രൂപയും ഡിസംബർ ഒന്നിന് 2941 രൂപയും വില വർധിപ്പിക്കുകയായിരുന്നു.
സർക്കാർ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയാണ് ഒന്നാം തിയതി ഇന്ധനവില വർധിപ്പിച്ചത്.
എല്ലാമാസവും ഒന്നാം തിയതി വ്യോമയാന ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില കമ്പനികൾ പുതുക്കാറുണ്ട്. പുതിയ വില വർധനവോടെ വിമാനച്ചാർജുകൾ വർധിപ്പിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ള പാചകവാതകത്തിന്റെ വില തുടർച്ചയായ അഞ്ചാം തവണയും വർധിപ്പിച്ചിരുന്നു. 19 കിലോയുടെ എൽപിജി സിലിണ്ടറിന് 16.5 രൂപയാണ് വർധിപ്പിച്ചത്.
ഒരു സിലിണ്ടറിന് ഡൽഹിയിൽ 1818.50 രൂപയും മുംബൈയിൽ 1771 രൂപയും കൊൽക്കത്തയിൽ 1927 രൂപയുമാണ് വില. ചെന്നൈയിൽ 1980 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. അതേസമയം വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. 14.2 കിലോയുടെ സിലിണ്ടറിന് 803 രൂപയാണ് ഈ മാസത്തെ വില.
Content Highlights : Flights may cost more Oil companies increase the price of aviation fuel