ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ വിശ്വസ്‌തനായിരുന്ന ശന്തനു നായിഡുവിന് ഇനി പുതിയ ദൗത്യം. ടാറ്റ മോട്ടോഴ്സിന്റെ ഹെഡ് ഓഫ് സ്ട്രാറ്റജിക് ഇനിഷ്യേറ്റിവ്സ് വിഭാഗത്തിൽ ജനറൽ മാനേജർ ആയാണ് ശന്തനു നിയമിക്കപ്പെട്ടിട്ടുള്ളത്.
നേരത്തെ രത്തൻ ടാറ്റയുടെ ഓഫീസിലെ ജനറൽ മാനേജറായിരുന്നു ശന്തനു. അവിടെനിന്നാണ് ഇപ്പോൾ ടാറ്റ മോട്ടോഴ്സിലേക്ക് പ്രൊമോഷൻ ലഭിച്ചിരിക്കുന്നത്. ' ടാറ്റ മോട്ടോഴ്സിൽ ഹെഡ് ഓഫ് സ്ട്രാറ്റജിക് ഇനിഷ്യേറ്റിവ്സ് വിഭാഗത്തിൽ ജനറൽ മാനേജരായി ഞാൻ നിയമിതനായിരിക്കുകയാണ്. ടാറ്റ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് എന്റെ അച്ഛൻ വെള്ള ഷർട്ടും നേവി പാന്റ്സും ഇട്ട് ഇറങ്ങിവരുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അന്ന് അച്ഛന് വേണ്ടി ഞാൻ ജനാലയിലൂടെ നോക്കിയിരിക്കുമായിരുന്നു.'; ശന്തനു കുറിക്കുന്നു.
രത്തൻ ടാറ്റയുടെ വിശ്വസ്തനായിരുന്നു ശന്തനു നായിഡു. തന്റെ കുടുംബത്തിൽ നിന്ന് ടാറ്റയിൽ ജോലി ചെയ്യുന്ന അഞ്ചാം തലമുറയാണ് ശന്തനു. നായകളോടുള്ള സ്നേഹമാണ് രത്തൻ ടാറ്റയെയും ശന്തനുവിനെയും കൂടുതൽ അടുപ്പിച്ചത്. കോർണൽ സർവ്വകലാശാലയിൽ നിന്ന് എംബിഎ നേടിയ ശന്തനു ഗുഡ്‍ഫെലോസ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സ്ഥാപകൻ കൂടിയാണ്.
ശന്തനുവിനെ രത്തൻ ടാറ്റയുടെ ഒപ്പം എപ്പോഴും കാണാൻ സാധിക്കുമായിരുന്നു. രത്തൻ ലോകത്തോട് വിട പറഞ്ഞ സമയത്ത് ശന്തനു ലിങ്ക്ഡ് ഇന്നിൽ കുറിച്ചത് 'പ്രിയ വെളിച്ചമേ…ഈ സൗഹൃദം ഇപ്പോൾ എന്നിൽ അവശേഷിപ്പിക്കുന്ന ശൂന്യത നികത്താൻ ഞാൻ എൻ്റെ ജീവിതകാലം മുഴുവൻ ശ്രമിക്കും. ദുഃഖമാണ് സ്നേഹത്തിന് കൊടുക്കേണ്ട വില' എന്നായിരുന്നു.
Content Highlights: Shanthanu Naidu gets promotion at tata company