![search icon](https://www.reporterlive.com/assets/images/icons/search.png)
അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിന്റെ വിവരങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. സ്വത്തുക്കൾ തന്റെ ബന്ധുക്കൾക്കും തന്റെ വിശ്വസ്ത ജീവനക്കാർക്കും തന്റെ പ്രിയ നായക്കുട്ടിക്കും ടാറ്റ ട്രസ്റ്റുകൾക്കും രത്തൻ ടാറ്റ നൽകിയിരുന്നു. എന്നാൽ ടാറ്റയുടെ സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം മാറ്റിവെച്ചത് മറ്റൊരു വ്യക്തിക്കാണ്. മോഹിനി മോഹൻ ദത്ത എന്ന ജംഷഡ്പൂർ സ്വദേശിക്കാണ് ടാറ്റ ഇവ എഴുതി വെച്ചിരിക്കുന്നത്.
ടാറ്റയുടെ ബന്ധുവോ ജീവനക്കാരനോ അല്ലാത്ത മോഹിനി മോഹൻ ദത്ത ആരാണെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ അന്വേഷിക്കുന്നത്. 500 കോടിയോളം രൂപയുടെ ആസ്തിയാണ് ടാറ്റ മോഹിനി മോഹൻ ദത്തയ്ക്കായി വിൽപ്പത്രത്തിൽ എഴുതിയിരിക്കുന്നതെന്നാണ് ദി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജംഷഡ്പൂർ ആസ്ഥാനമായുള്ള സംരംഭകനാണ് യഥാർത്ഥത്തിൽ മോഹിനി മോഹൻ ദത്ത. ടാറ്റ കൂടി ഓഹരി ഉടമയായിരുന്ന സ്റ്റാലിയൻ എന്ന കമ്പനിയുടെ സഹ ഉടമകൂടിയായിരുന്നു ഇയാൾ. കമ്പനിയുടെ 80 ശതമാനം ഓഹരി മോഹിനി മോഹൻ ദത്തയുടെ കൈവശവും 20 ശതമാനം ടാറ്റ ഇൻഡസ്ട്രീസിന്റെ പേരിലുമായിരുന്നു. പിന്നീട് കമ്പനി പൂർണമായും ടാറ്റ ഏറ്റെടുത്തു.
24 -ാം വയസിൽ ജംഷഡ്പൂരിലെ ഡീലേഴ്‌സ് ഹോസ്റ്റലിൽ വെച്ചാണ് തങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതെന്ന് നേരത്തെ മോഹിനി മോഹൻ ദത്ത വെളിപ്പെടുത്തിയിരുന്നു. 'അദ്ദേഹം എന്നെ സഹായിക്കുകയും എന്നെ ശരിക്കും ശക്തിപ്പെടുത്തുകയും ചെയ്തു,' എന്നാണ് ടാറ്റയുമായുള്ള ബന്ധത്തെ കുറിച്ച് മോഹൻ ദത്ത പറഞ്ഞത്. നേരത്തെ 2024 ഡിസംബറിൽ മുംബൈയിലെ എൻസിപിഎയിൽ നടന്ന രത്തൻ ടാറ്റയുടെ ജന്മവാർഷിക പരിപാടിയിലും മോഹിനി മോഹൻ ദത്ത പങ്കെടുത്തിരുന്നു.
മോഹൻ ദത്തയുടെ മകളും ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്നു. 2015 വരെ താജ് ഹോട്ടലുകളിലും പിന്നീട് 2024 വരെ ടാറ്റ ട്രസ്റ്റിലുമായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് രത്തൻ ടാറ്റ മരിച്ചത്. ആലിബാഗിലെ 2000 ചതുരശ്രയടി വിസ്തൃതിയുള്ള ബീച്ച് ബംഗ്ലാവ്, ജുഹു താര റോഡിലെ ഇരുനിലക്കെട്ടിടം, 350 കോടി രൂപയിലേറെയുള്ള സ്ഥിരനിക്ഷേപം, ടാറ്റ സൺസിലെ 0.83 ശതമാനം ഓഹരി തുടങ്ങി നിരവധി സ്വത്തുക്കൾ തന്റെ സഹോദരനും അർദ്ധ സഹോദരിമാർക്കും വിശ്വസ്തരായ വീട്ടുജോലിക്കാർക്കും ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവിനുമായി എഴുതി വെച്ചിരുന്നു.
രത്തൻ ടാറ്റയും കുടുംബവും ജുഹുവിൽ താമസിച്ചിരുന്ന വീട്ടിൽ രത്തൻ ടാറ്റയ്ക്കും സഹോദരൻ ജിമ്മിക്കും അർധസഹോദരൻ നോയൽ ടാറ്റയ്ക്കും വളർത്തമ്മ സിമോൺ ടാറ്റയ്ക്കും അവകാശമുണ്ട്. വിദേശത്ത് പോയി പഠിക്കാനായി ശന്തനുവെടുത്ത വായ്പ എഴുതി തള്ളിയ രത്തൻ ടാറ്റ, മുതിർന്നവർക്ക് ഏകാന്തതയും ഒറ്റപ്പെടലും നൽകുന്ന വേദനകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള, ശന്തനുവിന്റെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പായ ഗുഡ്‌ഫെലോസിലെ ടാറ്റയുടെ ഓഹരികൾ ശന്തനുവിന്റെ പേരിലേക്ക് മാറ്റിയിരുന്നു.
തന്റെ വിശ്വസ്ത ജീവനക്കാരനായ സുബ്ബയ്യക്കും സ്വത്തിന്റെ ഒരു ഭാഗം നീക്കിവെച്ചിട്ടുണ്ട്. വളർത്തുപട്ടിയായ ടിറ്റോയ്ക്ക് 'പരിധിയില്ലാത്ത പരിരക്ഷ' ഉറപ്പാക്കാനായി പാചകക്കാരിലൊരാളായ രാജൻ ഷായ്ക്കാണ് പരിചരണച്ചുമതല നൽകുകയും ഇതിനായി തുക നീക്കിവെക്കുകയും ചെയ്തു. ടാറ്റ സൺസിലെയും ഗ്രൂപ്പ് കമ്പനികളിലെയും രത്തൻ ടാറ്റയുടെ ഓഹരികൾ ചാരിറ്റിസംഘടനയായ രത്തൻ ടാറ്റ എൻഡോവ്‌മെൻറ് ഫൗണ്ടേഷന് കൈമാറാനും നിർദ്ദേശിച്ചിരുന്നു.
Content Highlights: who is Mohini Mohan Dutta, the heir to Ratan Tata's 500 crore property