കടല്‍ വഴി മാതള നാരങ്ങ ഓസ്‌ട്രേലിയയിലേക്ക്; പുതിയൊരു നാഴികകല്ല് പിന്നിട്ട് ഇന്ത്യ

കടല്‍ വഴി ഓസ്‌ട്രേലിയയിലേക്ക് മാതളനാരങ്ങയുടെ ആദ്യ പരീക്ഷണ കയറ്റുമതി ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി

dot image

ഓസ്ട്രേലിയയിലേക്ക് കടല്‍ വഴി മാതളനാരങ്ങയുടെ ആദ്യ പരീക്ഷണ കയറ്റുമതി വിജയകരമാക്കി ഇന്ത്യ. ഓസ്ട്രേലിയയിലേക്കുള്ള മാതളനാരങ്ങ കയറ്റുമതി പ്രധാനമായും വ്യോമഗതാഗതം വഴിയാണ് നടത്തിയിരുന്നത്. വ്യോമ ചരക്കുനീക്കവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് കുറയ്ക്കുന്നതിനൊപ്പം ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപണി പ്രവേശനം വിപുലീകരിക്കുന്നതിലെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഡിമാന്‍ഡ് വിലയിരുത്തുന്നതിനായി 2024 ജൂലൈയില്‍ ആദ്യത്തെ വ്യോമ കയറ്റുമതി നടന്നു. ഇത് കൂടുതല്‍ ചെലവാണെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് കടല്‍ വഴിയുള്ള ചരക്ക് നീക്കമെന്ന തീരുമാനത്തിലെത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ സോളാപൂര്‍ മേഖലയില്‍ നിന്ന് 5.7 മെട്രിക് ടണ്‍ പ്രീമിയം മാതളനാരങ്ങകള്‍ വഹിച്ചുകൊണ്ട് ആദ്യത്തെ ചരക്ക് കപ്പല്‍ 2024 ഡിസംബര്‍ 6 ന് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട് 2025 ജനുവരി 13 ന് സിഡ്മിയില്‍ എത്തി. ഭഗവ ഇനത്തിന്റെ 6.56 മെട്രിക് ടണ്‍ മറ്റൊരു കയറ്റുമതി 2025 ജനുവരി 6 ന് ബ്രിസ്‌ബനില്‍ എത്തി. കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA), അഗ്രോസ്റ്റാറിന്റെ INI ഫാംസ്, കേ ബീ എക്സ്‌പോര്‍ട്ട്‌സ് എന്നിവയുടെ സഹകരണത്തിലൂടെയാണ് ഈ കയറ്റുമതി സാധ്യമായത്. സിഡ്മി, ബ്രിസ്‌ബന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ എത്തിയപ്പോള്‍ മാതളനാരങ്ങകള്‍ക്ക് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഇത് അധിക കയറ്റുമതിക്കുള്ള സാധ്യതയെ ചൂണ്ടികാണിക്കുന്നതാണെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു.

'ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മേഖല അഭൂതപൂര്‍വമായ വേഗതയില്‍ വളരുകയാണ്, പുതിയ പഴങ്ങളുടെ കയറ്റുമതി വര്‍ഷം തോറും 29 ശതമാനം വര്‍ധിക്കുന്നു. മാതളനാരങ്ങ മാത്രം 20 ശതമാനം വളര്‍ച്ച കൈവരിച്ചു, ഇത് ഈ വിഭാഗത്തിന്റെ അപാരമായ സാധ്യത തെളിയിക്കുന്നു', എപിഇഡിഎ ചെയര്‍മാന്‍ അഭിഷേക് ദേവ് പറഞ്ഞു.

'അനാര്‍നെറ്റ് പോലുള്ള നൂതനമായ ട്രേസബിലിറ്റി സംവിധാനങ്ങളിലൂടെ, ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന ആഗോള നിലവാരം പാലിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു, ഇത് ലോകമെമ്പാടുമുള്ള ഉപഭോക്ത്യ വിശ്വാസം വര്‍ധിപ്പിക്കുന്നു' ദേവ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കര്‍ഷകരെയും കാര്‍ഷിക സംരംഭകരെയും പിന്തുണയ്ക്കുന്നതില്‍ എപിഇഡിഎയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

Content Highlights: India sends first trial shipments of pomegranate to Australia via sea route

dot image
To advertise here,contact us
dot image