
ഫ്യൂച്ചർ ബ്രാൻഡ് ഇൻഡക്സ് 2024 പട്ടികയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് രണ്ടാം സ്ഥാനം. ആപ്പിൾ, മൈക്രോസോഫ്റ്റ്, നൈക്ക് പോലുള്ള കമ്പനികളെ പിന്തള്ളിയാണ് റിലയൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
പുതിയ ട്രെൻഡുകളോട് പെട്ടെന്ന് പൊരുത്തപ്പെടുക, ബ്രാൻഡിനെക്കുറിച്ച് ജനങ്ങൾക്കുള്ള പൊതുബോധം എന്നിവയാണ് ഈ പട്ടികയുടെ മാനദണ്ഡം. ബ്രാൻഡ് ഇമേജിനെയും, കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ എത്രകണ്ട് മുന്നോട്ടുകൊണ്ടുപോകുന്നു എന്നതും മാനദണ്ഡങ്ങളാണ്. സാംസങാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. റിലയൻസ് രണ്ടാം സ്ഥാനത്തും.
ലോകഭീമന്മാരായ ആപ്പിൾ, നൈക്ക്, വാൾട്ട് ഡിസ്‌നി, മൈക്രോസോഫ്റ്റ് എന്നിവയെയെല്ലാം പിന്തള്ളിയാണ് റിലയൻസ് ഈ നേട്ടം സ്വന്തമാക്കിയത്. ഏഷ്യ പസിസിഫ് മേഖലയിലെ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും ഇത്തരം ബ്രാൻഡുകൾക്കുള്ള സ്വീകാര്യത വർധിച്ചുവരികയാണെന്നും, യുഎസ് യൂറോപ്പ് എന്നിവിടങ്ങളിൽ ഉണ്ടായിവന്ന വളർച്ചയ്ക്ക് സമാനമാണ് ഇപ്പോഴുള്ള ഈ വളർച്ചയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
2023ൽ പതിമൂന്നാം സ്ഥാനത്തായിരുന്നു റിലയൻസ്. അവിടെനിന്നാണ് 2024ലേക്കെത്തുമ്പോൾ കമ്പനി രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്. പട്ടികയിൽ അമേരിക്കൻ കമ്പനികളുടെ എണ്ണം കുറഞ്ഞു എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുൻ വർഷങ്ങളിൽ ഏഴ് കമ്പനികളാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം അത് നാല് കമ്പനികളായി ചുരുങ്ങി.
Content Highlight: Reliance tops future brand index 2024