
നിങ്ങള്‍ മാളുകളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും പോകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനായി നിങ്ങള്‍ക്കരികിലേക്ക് വരുന്ന ചെറുപ്പക്കാരെ ശ്രദ്ധിച്ചിട്ടില്ലേ? . അതുമല്ലെങ്കില്‍ ഫോണ്‍ കോളുകള്‍ വഴിയോ ഇമെയിലുകള്‍ വഴിയോ നിരന്തരമായി ബാങ്കുകള്‍ നിങ്ങളെ ക്രെഡിറ്റ് കാര്‍ഡുകളെടുക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ടോ? എന്തുകൊണ്ടായിരിക്കും നിങ്ങളെ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നത്?അതിലൂടെ എന്താണ് ബാങ്കുകള്‍ക്ക് നേട്ടം? ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടോ?
ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ നിങ്ങളെ ബാങ്ക് പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഉപഭോക്താവില്‍ നിന്ന് അവര്‍ക്ക് കിട്ടുന്ന പലിശയാണ്. കൃത്യസമയത്ത് എടുത്ത പണം തിരിച്ചടയ്ക്കാതിരുന്നാല്‍ ബാങ്ക് പലിശ ഈടാക്കും. അത് വളരെ ഉയര്‍ന്നതുമായിരിക്കും. ഇതാണ് ക്രെഡിറ്റ്കാര്‍ഡുകളെ ലാഭകരമായ ബിസിനസ് ആയി ബാങ്കുകള്‍ കാണുന്നതിനുള്ള കാരണം.
ബാങ്കുകള്‍കള്‍ക്ക് ലഭിക്കുന്ന മറ്റൊരു ലാഭം ഇടപാടില്‍ നിന്നുള്ള വരുമാനമാണ്. നിങ്ങള്‍ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോഴോ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോഴോ ബാങ്ക് വ്യാപാരിയില്‍ നിന്ന് ചെറിയൊരു ഫീസ് ഈടാക്കും. ഓരോ ദിവസവും നടക്കുന്ന ഇടപാടുകളിലൂടെ ബാങ്കുകള്‍ക്ക് വന്‍ ലാഭമാണ് ലഭിക്കുന്നത്. മാത്രമല്ല ഉപഭോക്താക്കളുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനും ഈ ക്രെഡിറ്റ് കാര്‍ഡ് ഇടപാടിലൂടെ ബാങ്കുകള്‍ക്ക് കഴിയുന്നുണ്ട്. കാരണം നിങ്ങള്‍ ഇതേ ബാങ്കില്‍ത്തന്നെ നിക്ഷേപങ്ങളും മറ്റ് ഇടപാടുകളും നടത്താന്‍ സാധ്യതയുണ്ട്. ചുരുക്കി പറഞ്ഞാല്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരം ചെയ്യുന്നതുപോലെ തോന്നുമെങ്കിലും ഗുണം ബാങ്കുകള്‍ക്ക് തന്നെ. ബാങ്കുകള്‍ക്ക് അവരുടെ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ബിസിനസ് തന്ത്രമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍.
ഉപയോഗിക്കാനറിയാമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപകാരപ്രദമാണ്. ഇന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കവുമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ ആദ്യം നടക്കട്ടെ പണം പിന്നീട് നല്‍കിയാല്‍ മതി എന്നതാണല്ലോ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമായി കണക്കാക്കുന്നത്. പക്ഷേ ഇത് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.
Content Highlights :Why would banks encourage you to take out a credit card?