കേരളത്തില്‍ 'തൊട്ടാല്‍ പൊള്ളുന്ന'വില; കാരണം കുറഞ്ഞ വരുമാനമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റം

പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് രാജ്യത്തെ മറ്റ് ഭാഗങ്ങളെക്കാൾ വേഗത്തിലാണ് ദക്ഷിണേന്ത്യയിൽ വിലകൂടുന്നത്

dot image

ജോലിക്ക് വളരെ കുറഞ്ഞ വരുമാനം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് കുടിയേറ്റം മൂലം വിലക്കയറ്റം വർധിച്ചെന്ന കണ്ടെത്തൽ ഉള്ളത്.

കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് വിലക്കയറ്റം രൂക്ഷമായി നിലനിൽക്കുന്നത്. ജോലിക്ക് വളരെ കുറഞ്ഞ വരുമാനം മാത്രം കിട്ടുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടമായി ഈ സംസ്ഥാനങ്ങളിലെത്തുന്നു. ഈ കുടിയേറ്റം ഭക്ഷ്യവസ്തുക്കളുടെയടക്കം വിലക്കയറ്റത്തിന് കാരണമാകുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും കുടിയേറ്റത്തിന്റെ അനുരണന പ്രക്രിയകൾ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട് എങ്കിലും, തൊഴിലാളികൾ കൂടുതലായെത്തുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ വളരെ വേഗത്തിലാണ് വിലക്കയറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് രാജ്യത്തെ മറ്റ് ഭാഗങ്ങളെക്കാൾ വേഗത്തിലാണ് ദക്ഷിണേന്ത്യയിൽ വിലകൂടുന്നത്. വടക്ക്കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ വിലകയറ്റത്തോത് കുറവാണ്. പക്ഷെ ദക്ഷിണ, കിഴക്കൻ മേഖലകളിലാകട്ടെ നേരെ തിരിച്ചും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരുന്നവരിൽ ഭൂരിഭാഗവും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ നിന്നുള്ളവരായതിനാലും, സാമ്പത്തിക ക്രയവിക്രയം ഇവിടങ്ങളിൽ കൂടുതലായി നടക്കുന്നതിനാലുമാണ് ഈ വിലക്കയറ്റം എന്നാണ് നിഗമനം.

പെട്രോൾ, ഡീസൽ എന്നിവയ്ക്കുള്ള ഉയർന്ന നികുതിയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട് എന്നും റിപ്പോർട്ട് പറയുന്നുണ്ട്. രാജ്യത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 30%വും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. സംസ്ഥാനങ്ങങ്ങളുടെ കണക്ക് എടുക്കുകയാണെങ്കിൽ, കേരളത്തിൽ ഫെബ്രുവരി മാസം മാത്രം 7.3% വിലക്കയറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Content Highlights: Inflation high in kerala and TN due to migration

dot image
To advertise here,contact us
dot image