പങ്കാളി ലോണടച്ചില്ലെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ? അറിയാം

വിവാഹ ശേഷം ക്രെഡിറ്റ് റിപ്പോര്‍ട്ട് ഉയര്‍ത്താന്‍ എന്തൊക്കെ ചെയ്യാം

dot image

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ വിവാഹം മുടങ്ങി പോയ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ശരിക്കും കല്യാണവും ക്രെഡിറ്റ് സ്‌കോറും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ പേരിനൊപ്പം സ്വന്തം പേര് ചേര്‍ക്കുന്നതുപോലെ സാമ്പത്തിക കാര്യവും ഒന്നിച്ചാക്കിയില്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഇനി ഭാര്യയും ഭര്‍ത്താവും സാമ്പത്തിക കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതുകൊണ്ട് അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? പങ്കാളിയുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നത് നിങ്ങളെയും ബാധിക്കുമോ? അറിയാം വിവാഹ ശേഷമുളള സാമ്പത്തിക കാര്യങ്ങളെക്കുറിച്ച്….

വിവാഹത്തിലൂടെ പങ്കാളികള്‍ ഒന്നാകുന്നതുപോലെതന്നെ രണ്ട് വ്യക്തികളുടെ ക്രെഡിറ്റ് സ്‌കോറും ഒന്നാകും എന്നൊക്കെ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത്തരം കാര്യങ്ങളുടെ മുന്‍പില്‍ രണ്ട് പേരും രണ്ട് തന്നെയാണ്. ഓരോ വ്യക്തിയുടെയും ബാധ്യതയും തിരിച്ചടവും ക്രെഡിറ്റ് ഫെസിലിറ്റിയും ഒക്കെ കണക്കാക്കിയാണ് അവരുടെ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണ്ണയിക്കുന്നത്.

എങ്ങനെയാണ് പങ്കാളികളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നത്

വിവാഹ ശേഷം ഒരുമിച്ച് എടുത്ത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും മറ്റ് സാമ്പത്തിക ഇടപാടുകളും രണ്ട് പേരുടെയും ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കും. ഒന്നിച്ചെടുക്കുന്ന ജോയിന്റ് ക്രെഡിറ്റ് കാര്‍ഡുകളില്‍ ഏതെങ്കിലും ഒരാള്‍ മോശമായി ക്രെഡിറ്റ് മാനേജ്‌മെന്റ് നടത്തിയാല്‍ മറ്റെയാളുടെ സ്‌കോറും കുറയാം. പങ്കാളിയും ഒന്നിച്ച് ലോണ്‍ എടുക്കുകയോ അതിന്റെ അടവ് മുടങ്ങുകയോ ചെയ്താല്‍ ഉറപ്പായും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. മാത്രമല്ല നിങ്ങള്‍ പങ്കാളിയുടെ ലോണുകള്‍ക്ക് ജാമ്യം നില്‍ക്കുകയും പങ്കാളി തിരിച്ചടവ് മുടക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കും അതുമൂലം പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

വിവാഹ ശേഷം പങ്കാളിയുമായി ചേര്‍ന്ന് ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താം

പങ്കാളിക്ക് നല്ല ക്രെഡിറ്റ് ഹിസ്റ്ററിയാണ് ഉളളതെങ്കില്‍ ആ അക്കൗണ്ടില്‍ ഓതറൈസ്ഡ് യൂസര്‍ ആയി ചേര്‍ന്നാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടും. എടുത്തിട്ടുളള ലോണ്‍ നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടില്ലെങ്കില്‍ അത് മുന്നോട്ട് നന്നായി പുനഃസ്ഥാപിച്ച് എടുക്കാന്‍ ശ്രമിക്കുക. അനാവശ്യ ചെലവുകള്‍ കുറച്ചും ബില്ലുകള്‍ നിയന്ത്രിച്ചും മുന്നോട്ട് പോവുക. ഇഎംഐ മുടക്കം വരാതെ അടയ്ക്കുക, ഓരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ മുഴുവനായി അടയ്ക്കുക. ഇങ്ങനെയൊക്കെ ചെയ്താല്‍ വിവാഹശേഷം ഒന്നിച്ചുളള സാമ്പത്തികം മെച്ചപ്പെടുത്തിയെടുക്കാന്‍ സാധിക്കും.

Content Highlights : What can you do to improve your credit report after marriage?

dot image
To advertise here,contact us
dot image