
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം ആഗോള തലത്തിൽ വലിയ അലയൊലികളാണ് ഉണ്ടാക്കിയിട്ടുള്ളത്. പല രാജ്യങ്ങളുടെയും വിപണികൾ തകർന്നടിയുകയും നിക്ഷേപകർക്ക് വലിയ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ട്രംപിന്‍റെ തീരുവ നയത്തിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചുകൊണ്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ചൈനയും യുഎസും തമ്മിലുള്ള ബന്ധം കലുഷിതമായിട്ടുമുണ്ട്. ഇങ്ങനെ ആഗോള വിപണികളിൽ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ജെപി മോർഗൻ ആൻഡ് കോ സിഇഒ ആയ ജാമി ഡിമോൺ ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ കമ്പനിയുടെ ഓഹരിയുടമകൾക്ക് അയച്ച കത്തിലാണ് ഡിമോൺ ഒരു മുന്നറിയിപ്പ് എഴുതിയിരിക്കുന്നത്. ട്രംപിന്റെ ഈ താരിഫ് നടപടി വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അത് വിലക്കയറ്റം സൃഷ്ടിച്ചേക്കും എന്നുമാണ് കത്തിൽ ഉള്ളത്. മാത്രമല്ല, ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് വരെ നയിച്ചേക്കുമെന്നും തന്റെ ഓഹരി ഉടമകൾക്ക് ഡിമോൺ എഴുതുന്നുണ്ട്. ഇത്തരത്തിൽ താരിഫുകൾ ഏർപ്പെടുത്തുന്നതിന് പുറമെ യുഎസ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുമായി ദൃഢമായ ഒരു വ്യാപാരബന്ധം കാത്തുസൂക്ഷിക്കണമെന്നും , അല്ലാതെ തങ്ങളുടെ വഴിയേ വരുത്തിക്കുകയല്ല വേണ്ടത് എന്നും ഡിമോൺ പറയുന്നു.
ട്രംപിന്റെ താരിഫ് വർധനവിന്റെ പ്രതിഫലനം ഏഷ്യൻ വിപണികളിലാണ് കണ്ടത്. തായ്, ജപ്പാൻ സൂചികകളിൽ എല്ലാം ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗം വന്നാൽ ചികിത്സിക്കണമെന്നായിരുന്നു വിപണി തകർച്ചയിൽ ട്രംപിന്റെ പ്രതികരണം. അമേരിക്കയെ ലോകം വിമർശിക്കുന്നത് ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ ചരിത്രപരമായ തീരുവ പ്രഖ്യാപനത്തിൽ അമേരിക്കയ്ക്കും തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തീരുവ പ്രഖ്യാപനം അമേരിക്കയുടെ ആഗോള വിപണികളെ സാരമായി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വിപണി നഷ്ടങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. ഒന്നും ഇല്ലാതാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിലപ്പോൾ 'എന്തെങ്കിലും ശരിയാക്കുന്നതിനായി മരുന്ന് കഴിക്കേണ്ടി വരുന്നത്' സാധാരണമാണെന്നും ട്രംപ് പറഞ്ഞു.
Content Highlights: JP Morgan and Co CEO on recession and inflation