അച്ചടിയിൽ പിശക് പറ്റിയ നാണയത്തിന് എന്തെങ്കിലും മൂല്യമുണ്ടോ ? ഉണ്ടെന്നാണ് അമേരിക്കയിലെ ഒഹായിലെ മുന്ന് സഹോദരിമാർ പറയുന്നത്. 1975 ൽ പ്രിന്റ് ചെയ്തപ്പോൾ പിശക് പറ്റിയ നാണയത്തിന് 40 വർഷങ്ങൾക്ക് ശേഷം 4 കോടി രൂപയാണ് ലേലത്തിൽ ലഭിച്ചത്.
അമേരിക്കയിലെ നാണയങ്ങൾ എവിടെ നിന്നാണോ അടിച്ചിറക്കുന്നത് അതിനെ മിൻ്റ് എന്നാണ് പറയപ്പെടുന്നത്. അതാത് മിന്റുകളിൽ നിന്ന് അച്ചടിക്കുന്ന നാണയങ്ങളെ തിരിച്ചറിയാൻ ഉള്ള എളുപ്പത്തിന് അതാത് മിന്റുകളുടെ ആദ്യാക്ഷരങ്ങളും ഉൾപ്പെടുത്തിയാണ് നാണയം അച്ചടിക്കാറുള്ളത്. ഇത്തരത്തിൽ സാൻഫ്രാൻസിസ്‌കോയിലെ മിന്റിൽ അച്ചടിച്ച 10 സെന്റിന്റെ നാണയത്തിന് ആയിരുന്നു അച്ചടി പിശക് വന്നത്.
അമേരിക്കൻ മുൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ ഡി. റൂസ്വെൽറ്റിന്റെ ചിത്രം ആലേഖനം ചെയ്ത നാണയത്തിൽ സാൻഫ്രാൻസിസ്‌കോയെ അടിസ്ഥാനമാക്കുന്ന എസ് എന്ന അക്ഷരം നാണയത്തിൽ ഉണ്ടായിരുന്നില്ല. പിന്നീട് 1978 ൽ അന്നത്തെ 18200 ഡോളർ നൽകി ഈ നാണയം ഒരു കുടുംബം സ്വന്തമാക്കിയിരുന്നു.
നാണയം സൂക്ഷിച്ച് വെച്ചിരുന്ന കുടുംബനാഥൻ മരിച്ചതോടെ കുടുംബത്തിലെ മൂന്ന് സഹോദരിമാർ ഈ നാണയത്തിൻ്റെ അവകാശികളായി.
തുടർന്നാണ് നാണയം ലേലത്തിൽ വെയ്ക്കാൻ തീരുമാനമായതും അഞ്ച് ലക്ഷം ഡോളറിന് അതായത് ഏകദേശം 4 കോടി ഇന്ത്യൻ രൂപയ്ക്ക് നാണയം വിറ്റ് പോയതും. അതേസമയം തങ്ങളുടെ പേര് വെളിപ്പെടുത്താൻ മൂന്ന് സഹോദരിമാരും തയ്യാറായില്ല.
Content Highlights: Misprinted 1975 US 10 cent coin was sold for Rs 4 crore in Auction