പ്രദേശിക സർക്കാരുകളുടെ കടം എഴുതിത്തള്ളി ചൈനീസ് സർക്കാർ; ഒഴിവാക്കുന്നത് 839 ബില്യൺ ഡോളറിന്റെ കടം

സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനായി 1.4 ട്രില്യൺ ഡോളറിന്റെ പദ്ധതിക്കും ചൈനീസ് സർക്കാർ വെള്ളിയാഴ്ച അംഗീകാരം നൽകിയിട്ടുണ്ട്

dot image

സാമ്പത്തിക രംഗം കൂടുതൽ ശക്തമാക്കുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി പ്രാദേശിക സർക്കാരുകളുടെ കടങ്ങൾ എഴുതിത്തള്ളി ചൈന. 839 ബില്യൺ ഡോളറിന്റെ കടമാണ് ചൈന എഴുതിത്തള്ളുന്നത്. നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻപിസി) സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അഞ്ച് ദിവസത്തെ യോഗത്തിന് പിന്നാലെയാണ് ചൈന പ്രാദേശിക സർക്കാരുകളുടെ കടം എഴുതിത്തള്ളുന്നിനുള്ള തീരുമാനം എടുത്തത്.

ഇതിന് പുറമെ ചൈനയുടെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനായി 1.4 ട്രില്യൺ ഡോളറിന്റെ പദ്ധതിക്കും ചൈനീസ് സർക്കാർ വെള്ളിയാഴ്ച അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതൽ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച പദ്ധതികൾ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതോടെ ചൈന വേഗത്തിൽ ആക്കുകയായിരുന്നു.

കൂടുതൽ നിക്ഷേപകരെ ചൈനയിലേക്ക് ആകർഷിക്കുന്നതിനായിട്ടാണ് നിലവിൽ സാമ്പത്തിക രംഗം ശക്തമാക്കുന്നത്. സർക്കാരുകളുടെ കടം എഴുതി തള്ളുന്നതിന് പുറമെ പ്രാദേശിക സർക്കാരുകളുടെ കട പരിധി 35.52 ട്രില്യൺ യുവാൻ ആയി ഉയർത്താനും ചൈന തീരുമാനിച്ചതായും പ്രാദേശിക വാർത്ത എജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

നിലവിലെ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ചൈനയുടെ സമ്പദ് വ്യവസ്ഥ 4.6% വളർച്ച നേടിയിട്ടുണ്ടെങ്കിലും വേഗത കുറഞ്ഞ വളർച്ച നിരക്കായിട്ടാണ് ഇത് കണക്കാക്കുന്നത്. ഇതിനാലാണ് സാമ്പത്തിക രംഗത്ത് കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ചൈനയെ പ്രേരിപ്പിച്ചിരിക്കുന്നത്.

ചൈനയുടെ കേന്ദ്ര ഗവൺമെന്റിന് പൊതു കടം താരതമ്യേന കുറവാണെങ്കിലും പ്രദേശിക സർക്കാരുകൾക്ക് താങ്ങാനാവാത്ത അളവിൽ കടം കുന്നുകൂടിയിരുന്നു. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കും കോവിഡ് 19 വെല്ലുവിളി നേരിടുന്നതിനുമായിരുന്നു കൂടുതൽ പണവും പ്രാദേശിക സർക്കാരുകൾ ചെലവഴിച്ചിരുന്നത്. പ്രാദേശിക സർക്കാരുകളുടെ കടം 2018 മുതൽ 2023 വരെ ഇരട്ടിയായി മാറിയിരുന്നു.

dot image
To advertise here,contact us
dot image