പഞ്ചസാരയും ഗോതമ്പും കൊടുക്കും, സ്വർണം കിട്ടും; അതിർത്തിയിലെ കള്ളക്കടത്തിന്‍റെ 'ബാള്‍ട്ടര്‍' വഴി ഇങ്ങനെ

2023-24 സാമ്പത്തിക വർഷത്തിൽ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 1319 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്

dot image

വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെ ഇപ്പോൾ ബംഗ്ലാദേശ്, മ്യാൻമർ അതിർത്തി വഴി കരമാർഗമാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സ്വർണ്ണക്കടത്ത് നടക്കുന്നതെന്ന് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 1319 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് പകരമായി സ്വർണ്ണം കടത്തുന്നതിനും വലിയ തോതിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും സാധനങ്ങളുടെ വിലയിലെ വ്യത്യാസവും കയറ്റുമതി നിയന്ത്രണങ്ങളുമാണ് കള്ളക്കടത്തിന് പ്രധാന കാരണം എന്ന് വേണം പറയാൻ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മുതൽ ഗോതമ്പ്, പഞ്ചസാര, അരി തുടങ്ങിയ പ്രധാന ഭക്ഷണങ്ങൾക്ക് ഇന്ത്യ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

സ്വർണത്തിന് 50% ത്തിലധികം വില വർദ്ധനയാണ് 2022ന് ശേഷം ഇന്ത്യയിലുണ്ടായത്. അതേസമയം ബംഗ്ലാദേശിൽ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ ഇന്ത്യയിലേതിനേക്കാൾ 150% വർദ്ധനയും ഉണ്ടായി. ഇത് മുതലെടുത്താണ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കടത്തുകയും ഇതിന് പകരം നികുതിവെട്ടിച്ച് അനധികൃതമായ മാർഗ്ഗങ്ങളിലൂടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തുകയും ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

2024 ജൂലൈയോടെ സ്വർണ്ണ ഇറക്കുമതി തീരുവ ഇന്ത്യ ആറ് ശതമാനമായി കുറച്ചെങ്കിലും അതിർത്തികൾ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് ഇപ്പോഴും തുടരുകയാണ്. ഇരു രാജ്യങ്ങളിലും സാധനങ്ങളുടെ വിലയിൽ വലിയ വ്യത്യാസം ഉണ്ടാവുന്നത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള ലാഭമാണ് ഇടപാടുകാർക്ക് നേടികൊടുക്കുന്നത്. സ്വർണം അതിർത്തി കടത്താനുള്ള ഉത്തരവാദിത്തം പലപ്പോഴും ഏറ്റെടുക്കുന്നത് ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നുള്ള ഇടപാടുകാരാണ്. അതിർത്തി കടന്നെത്തുന്ന സ്വർണം ഇന്ത്യയിലെ ഇടപാടുകാർ വിറ്റ് പണമാക്കുന്നു. 2023-ൽ 156 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയത്. ഈ സ്വർണ്ണത്തിൻ്റെ മൂന്നിലൊന്നും ബംഗ്ലാദേശിൽ നിന്നുമാണ്. ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതും പകരം സ്വർണം അനധികൃതമായി ഇങ്ങോട്ട് വരുന്നതും രണ്ട് തരത്തിലുള്ള നഷ്ടം രാജ്യത്തിനുണ്ടാക്കുന്നു. നികുതി വിഹിതമായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഖജനാവിലേക്ക് എത്താതെ കള്ളക്കടത്തുകാരുടെ കയ്യിലേക്ക് പോകുന്നതെന്നതാണ് അതിൽ പ്രധാനം.

ബംഗ്ലാദേശിൽ ഭക്ഷ്യ സാധനങ്ങളുടെ വില ഉയർന്ന് നില്‍ക്കുന്നിടത്തോളം കാലം ഇത്തരം ഇടപാടുകള്‍ വലിയ തോതില്‍ തന്നെ തുടരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിലേക്കാള്‍ പല സാധനങ്ങൾക്കും ഇരട്ടിയുടെ ഇരട്ടി വിലയാണ് ബംഗ്ലാദേശില്‍. ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി നിരോധനം ബംഗ്ലാദേശിൽ പഞ്ചസാരയുടെ വിലയിൽ കുത്തനെയുള്ള വില വർദ്ധനയ്ക്ക് കാരണമായി. മറ്റ് പല ഉത്പന്നങ്ങളിലും ഈ മാറ്റം പ്രകടമാണ്.

Content Highlights: large increase in smuggling of gold in exchange for food items along the Indo-Bangladesh border. It has to be said that the main reason for smuggling is the difference in the prices of goods in both countries and the export restrictions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us