ഇന്ത്യയിലെ പ്രതിമാസ ആളോഹരി ചെലവ് (എംപിസിഇ) ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണെന്ന് കണക്കുകൾ. ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023-24 പ്രകാരമാണ് ദക്ഷിണേന്ത്യയിൽ ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് കേരളമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ഗ്രാമീണ കുടുംബങ്ങൾ പ്രതിമാസം 6,611 രൂപ ചെലവഴിക്കുമ്പോൾ, നഗരങ്ങളിലെ കുടുംബങ്ങൾ 7,834 രൂപ ചെലവഴിക്കുന്നുവെന്നാണ് കണക്കുകൾ.
ഗ്രാമങ്ങളിൽ 4122 രൂപയും നഗരങ്ങളിൽ 6996 രൂപയുമാണ് ദേശീയ ശരാശരി. ഉയർന്ന എംപിസിഇ മെച്ചപ്പെട്ട ജീവിത നിലവാരത്തിന്റെയും ഉയർന്ന വാങ്ങൽ ശേഷിയുടെയും അടയാളമായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തി തന്റെ അടിസ്ഥാന ചെലവുകളായ ഭക്ഷണം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, വിദ്യാഭ്യാസം എന്നിവയ്ക്ക് ചെലവഴിക്കുന്ന തുകയെയാണ് പ്രതിമാസ ആളോഹരി ചെലവായി കണക്കാക്കുന്നത്.
വെള്ളിയാഴ്ചയാണ് 2023-2024 വർഷത്തെ ഗാർഹിക ഉപഭോഗ ചെലവ് കണക്കുകൾ പുറത്തുവന്നത്. കണക്കുകൾ പ്രകാരം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നടങ്കം ഉയർന്ന ജീവിത നിലവാരം പുലർത്തുന്നവയാണ്. സിക്കിം ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ എംപിസിഇ കൂടുതൽ ഉള്ള സംസ്ഥാനം. സിക്കിമിൽ ഗ്രാമീണ കുടുംബങ്ങൾ 9,377 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 13,927 രൂപയുമാണ് ചെലവഴിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവയാണ് പ്രതിമാസ ആളോഹരി ചെലവിൽ പുറകിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. ആന്ധ്രാപ്രദേശ് ആണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന എംപിസിഇ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രാമീണ കുടുംബങ്ങൾ 6,107 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 9,877 രൂപയുമാണ് ആന്ധ്രയിൽ ചെലവഴിക്കുന്നത്.
തമിഴ്‌നാട്ടിൽ ഗ്രാമങ്ങളിൽ 5,872 രൂപയും നഗരങ്ങളിൽ 8,325 രൂപയും തെലങ്കാനയിൽ യഥാക്രമം 5,675 രൂപയും 9,131 രൂപയുമാണ് ചെലവഴിക്കുന്നത്. കർണാടകയിൽ ഗ്രാമീണ മേഖലയിൽ 5,068 രൂപയും നഗരങ്ങളിൽ 8,169 രൂപയുമാണ് ചെലവഴിക്കുന്നത്. രാജ്യത്ത് ചത്തീസ്ഗഢിലാണ് ആണ് ഏറ്റവും കുറവ് എംപിസിഇ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഗ്രാമീണമേഖലയിൽ 2,739 രൂപയും നഗരപ്രദേശങ്ങളിൽ 4,927 രൂപയുമാണ് ചെലവഴിക്കുന്നത്.
Content Highlights: Kerala monthly per capita consumption expenditure 6,611 per month