
വിവാഹം എന്നത് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് വ്യക്തികൾ പരസ്പരം മനസിലാക്കി ജീവിച്ച് തുടങ്ങുമ്പോൾ അതിനൊപ്പം
വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല, സാമ്പത്തിക കാര്യങ്ങളിലും ഒരുപാട് മാറ്റം വരും. കുടുംബബന്ധം ആരംഭിച്ച് കഴിയുമ്പോൾ നന്നായി ജീവിക്കണം , ഒരു കുട്ടി വേണം തുടങ്ങിയ കാര്യങ്ങൾക്ക് ആദ്യം മുൻഗണന നഷൽകുന്നവർ ഉണ്ട്. എന്നാൽ അതിനൊപ്പം ചേർത്ത് വെക്കേണ്ട ഒന്നാണ് സാമ്പത്തിക കാര്യങ്ങളിൽ പ്രാധാന്യം നൽകുക എന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വിവാഹശേഷം മാറാൻ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
പല ആളുകളും വിശ്വസിക്കുന്നത് വിവാഹം കഴിഞ്ഞാൽ ഭാര്യയുടെയും ഭർത്താവിൻ്റെയും ക്രെഡിറ്റ് സ്കോറുകൾ ഒന്നായി കണക്കാക്കും എന്നാണ്. എന്നാൽ ഇത് ശരിയല്ല. വിവാഹം കഴിക്കുന്നതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറുകൾ തമ്മിൽ ലയിക്കുന്നില്ല. ഓരോ വ്യക്തിക്കും അവരവരുടെ ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാകും. പക്ഷേ, വിവാഹം നിങ്ങളുടെ സാമ്പത്തിക രീതികളെ സ്വാധീനിക്കുന്നതിലൂടെ പരോക്ഷമായി ക്രെഡിറ്റ് സ്കോറിനെയും ബാധിക്കാം. അതെങ്ങനെയെന്ന് നോക്കാം
നേരത്തെ തനിയെ സാമ്പത്തിക കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ, വിവാഹശേഷം നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ ഒരുമിച്ചായിരിക്കും കൈകാര്യം ചെയ്യാൻ സാധ്യത. ഒരുമിച്ചുള്ള ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, ഒരുമിച്ച് വായ്പകൾ എടുക്കുക, വീട് വാങ്ങുക അല്ലെങ്കിൽ പണിയുക ഒക്കെ ചെയ്യുമ്പോൾ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു. ഇങ്ങനെ വരുമ്പോൾ ഒരാളുടെ സാമ്പത്തിക സ്ഥിതി മറ്റൊരാളുടെ ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇനി ഒന്നിച്ച് ചേരുന്നത് സാമ്പത്തിക കാര്യങ്ങളിൽ നല്ല ചിട്ടയുള്ളവരാണെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പോസിറ്റീവായി സ്വാധീനിക്കും. കൃത്യ സമയത്ത് ബില്ലുകൾ അടയ്ക്കുക, കടങ്ങൾ കുറയ്ക്കുക, നല്ല സാമ്പത്തിക ആസൂത്രണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഒരുമിച്ച് ചെയ്യുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടാൻ സാധ്യതയുണ്ട്.
വിവാഹം എന്നത് ഒത്തൊരുമിച്ചുള്ള യാത്രയാണെന്ന് പറയുമ്പോഴും സാമ്പത്തികപരമായ കാര്യങ്ങളിലും ആ ഒരുമ അത്യാവശ്യമാണ്.
ക്രെഡിറ്റ് സ്കോർ എന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തിന്റെ ഒരു സൂചനയാണ്. അത് നല്ല രീതിയിൽ നിലനിർത്താൻ ഒരുമിച്ചുള്ള ശ്രമം ഉണ്ടാകണം. സന്തുഷ്ട ദാമ്പത്യ ജീവിതത്തിന് സാമ്പത്തികമായ ഐക്യം അനിവാര്യമാണ്!
Content Highlights : Does your financial situation change after getting married? This is the reason