
ഛണ്ഡീഗഡില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് കഴിഞ്ഞ ദിവസം തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചത്. 1987 ഫെബ്രുവരിയിലും 1992 ഡിസംബറിലും സ്വന്തമാക്കിയ 20 രൂപയുടെയും 10 രൂപയുടെയും ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ആയിരുന്നു അത്.
രത്തന്‍ ധില്ലന്‍ എന്ന ഐഡിയില്‍ നിന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഡ്രൈവറെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ഓഹരി വിപണിയെക്കുറിച്ച് കാര്യമായ അറിവില്ലാത്ത കാര്‍പ്രേമിയാണ് ധില്ലന്‍. ഓഹരികള്‍ മരിച്ചുപോയ ഒരു കുടുംബാംഗത്തിന്റെയാണെന്നും അവയുടെ നിലവിലെ മൂല്യത്തെക്കുറിച്ചോ മറ്റൊന്നിനെക്കുറിച്ചോ അറിയില്ല എന്നും ഇയാള്‍ പറയുന്നു.
ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഇന്‍വെസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റി (ഐഇപിഎഫ്എ) രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ സഹായത്തിനായി ധില്ലനെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ പങ്കുവെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയത്.
ഒരു എക്‌സ് യൂസര്‍ ധില്ലന്റെ പോസ്റ്റിന് മറുപടി നല്‍കുകയും ഷെയറുകളുടെ നിലവിലെ മൂല്യത്തിന്റെ ഏകദേശ കണക്ക് പോസ്റ്റിന് താഴെ പങ്കുവെക്കുകുയം ചെയ്തു. 30 ഓഹരികള്‍ ഇപ്പോള്‍ 960 ഓഹരികള്‍ക്ക് തുല്യമായിരിക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ ബുധനാഴ്ചത്തെ ക്ലോസിംഗ് മൂല്യം അനുസരിച്ച് അയാളുടെ ഉടമസ്ഥതയിലുളള ഓഹരികള്‍ക്ക് ഇപ്പോള്‍ 12 ലക്ഷം രൂപയിലധികം മൂല്യമുണ്ടത്രേ. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കിട്ടിയ പണം നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights : 37-year-old Reliance shares found at home, worth Rs 12 lakhs