സിംഗിള്‍ പസങ്ക ലൈഫ് ഇന്‍ഷുറന്‍സ് എടുക്കണോ? പരിരക്ഷ മാത്രമല്ല, സാമ്പത്തിക അടിത്തറകൂടിയാണത്

നിങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, കുടുംബമില്ല എന്നതിനര്‍ഥം നിങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് എടുക്കേണ്ടതില്ലെന്നാണോ? ഒരിക്കലുമല്ല.

dot image

കുടുംബത്തിനായുള്ള പരിരക്ഷ ലൈഫ് ഇന്‍ഷുറന്‍സുകളെ പൊതുവില്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ നിങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, കുടുംബമില്ല എന്നതിനര്‍ഥം നിങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് എടുക്കേണ്ടതില്ലെന്നാണോ? ഒരിക്കലുമല്ല. ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നുള്ളതിന് നിങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഒട്ടും വൈകരുത്.

പ്രായം, ആരോഗ്യം, ജീവിതശൈലി എന്നിവ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തീരുമാനിക്കുന്നത്. നിങ്ങള്‍ ചെറുപ്പമാണ്, ആരോഗ്യവാനാണ് എങ്കില്‍ നിങ്ങളെ ലോ റിസ്‌ക് കാറ്റഗറിയിലാണ് പെടുത്തുക. അതിനാല്‍ പ്രായമായവരെ അപേക്ഷിച്ച് പ്രീമിയവും കുറവായിരിക്കും.

പല ചെറുപ്പക്കാരും തങ്ങളുടെ പ്രായമായ കുടുംബക്കാരെയും സഹോദരങ്ങളെയും സംരക്ഷിക്കുന്നവരാണ്. വീട്ടുചെലവും ചികിത്സാചെലവും വിദ്യാഭ്യാസവുമുള്‍പ്പെടെ വലിയ ചെലവായിരിക്കും ഇവരുടെ ചുമലുകളില്‍ ഉണ്ടാകുന്നത്. അങ്ങനെയുള്ളവരുടെ സാന്നിധ്യമില്ലായ്മ ആ കുടുംബത്തെ സാമ്പത്തികമായി തകര്‍ത്തുകളയും. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം ഇന്‍ഷുറന്‍സ് ഒരു സുരക്ഷാവലയമാണ്. കുടുംബത്തിന്റെ ഭാവി ആവശ്യങ്ങളെ ഉള്‍പ്പെടെ മുന്നില്‍ കണ്ടുകൊണ്ട് സ്വീകരിക്കാവുന്ന മികച്ച ആശ്വാസം.

വിവാഹം കഴിച്ച് ഒരു കുടുംബം ആരംഭിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നവര്‍ വിവാഹത്തിനൊപ്പം ജീവിതച്ചെലവുകളില്‍ വരുന്ന വര്‍ധനവ് കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ഉചിതമായ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കയാണ് ഇവര്‍ ചെയ്യേണ്ടത്.

നിങ്ങള്‍ക്ക് പഠിക്കുന്ന കുഞ്ഞുണ്ട്, വ്യക്തിഗത അല്ലെങ്കില്‍ ഭവന വായ്പ എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ബാധ്യത കുടുംബത്തിന് മുകളിലാകും. ഈ ഭാരം ഒഴിവാക്കാന്‍ മികച്ചൊരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുള്ളതാണ് നല്ലത്.

ജീവിതം അപ്രതീക്ഷിതമാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. നിങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് നിങ്ങള്‍ക്ക് മനസമാധാനം നല്‍കും. അത് നിങ്ങളുടെ കുടുംബത്തിനും ആശ്വാസം നല്‍കും.

ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള ഏറ്റവും നല്ല പ്രായം ഏതാണെന്ന് ചിന്തിച്ചാല്‍ എത്രയും നേരത്തേ എടുക്കാനാകുമോ അത്രയും നല്ലത് എന്നുമാത്രമാണ് പറയാനാകുക. വളരെ ചെറിയ പ്രീമിയം അടച്ച് നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ചേരാനായി സാധിക്കും. ഒരു കരുത്തുറ്റ സാമ്പത്തിക അടിത്തറയാണ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിങ്ങള്‍ക്ക് നല്‍കുക. ജീവിതം നിങ്ങളെ എവിടെയെത്തിച്ചാലും ലൈഫ് ഇന്‍ഷുറന്‍സുണ്ടെങ്കില്‍ ആശങ്ക പതിന്മടങ്ങ് കുറയും. അതിനാല്‍ ഇനിയും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെടുക്കാന്‍ വൈകേണ്ട.

Content Highlights: Why Life Insurance Matters?

dot image
To advertise here,contact us
dot image