
നിങ്ങളുടെ വീട്ടിലെ എസിക്ക് എട്ടുവര്‍ഷത്തിലധികം പഴക്കമുണ്ടോ? എങ്കില്‍ പുതിയ എസി വാങ്ങാന്‍ ഇങ്ങോട്ട് പണം ലഭിച്ചേക്കും. എന്താ ഞെട്ടിയോ? പഴയ എസി മാറ്റി കാര്യക്ഷമതയുള്ള, 5 സ്റ്റാര്‍ റേറ്റിങ്ങുള്ള പുതിയ മോഡലുകള്‍ വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍സെന്റീവ് സ്‌കീം നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
ഊര്‍ജമന്ത്രാലയമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് പഴയ എസി റീസൈക്കിള്‍ ചെയ്യുന്നവര്‍ക്ക് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാം. പകരം ഇവരില്‍ നിന്ന് 5 സ്റ്റാര്‍ റേറ്റിങ് ഉള്ള എസി വാങ്ങുന്നതിനായി റിഡീം സര്‍ട്ടിഫിക്കറ്റ് വാങ്ങണം. മാനുഫാക്‌ചേഴ്‌സിന് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളോ, വൈദ്യുതി ബില്ലില്‍ റിബേറ്റ് ആയി ഇന്‍സെന്റീവുകളോ അനുവദിക്കാം.
കാര്യക്ഷമതയില്ലാത്ത കൂളിങ് ഉപകരണങ്ങള്‍ വൈദ്യുത ഉപഭോഗം വര്‍ധിപ്പിക്കും. അതിനാല്‍ കടുത്ത വേനലിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും കാര്യക്ഷമതയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.
കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ കൂളിങ് ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതും തന്മൂലമുള്ള ഊര്‍ജ ഉപഭോഗവും രാജ്യത്ത് വര്‍ധിച്ച് വരികയാണ്. 2021-22 കാലയളവില്‍ 8.4 മില്യണ്‍ യൂണിറ്റ് എസിയായാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ 23-24 ആയപ്പോഴേക്കും അത് 10.9 മില്യണ്‍ ആയി ഉയര്‍ന്നിരുന്നു. എസിയുള്ള വീടുകള്‍ 2017-18 ല്‍ 8 ശതമാനമായിരുന്നെങ്കില്‍ 27-28 ആകുന്നതോടെ അത് 21 ശതമാനമായും 37-38ല്‍ അത് 40 ശതമാനമായും ഉയരുമെന്നാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഡേറ്റ ചൂണ്ടിക്കാട്ടുന്നത്. പഴയ എസി മാറ്റി പുതിയത് വയ്ക്കുന്നതിലൂടെ ഊര്‍ജ ഉപയോഗം 1,276 കിലോവാട്ട് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സാമ്പത്തിക ഗുണങ്ങള്‍ക്കപ്പുറം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
Content Highlights: Coming soon: Financial incentives for replacement of older air-conditioners