
അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചിട്ടും ഓഹരിവിപണിയില്‍ രക്ഷയില്ല. ഇന്നലെ ആയിരത്തോളം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 22,500ല്‍ താഴെയാണ്. ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത് സ്മോള്‍കാപ്, മിഡ്കാപ് സൂചികകളാണ്.
അതേസമയം, ഐടിസി, എംആന്റ്എം, പവര്‍ ഗ്രിഡ്, എച്ച് യുഎല്‍ എന്നി കമ്പനികള്‍ നേട്ടം ഉണ്ടാക്കി. ഓട്ടോ, എഫ്എംസിജി സെക്ടറുകള്‍ ഒഴികെ മറ്റെല്ലാ മേഖലകളും നഷ്ടത്തിലാണ്. സ്വര്‍ണ പണയവുമായി ബന്ധപ്പെട്ട് സമഗ്രമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന ആര്‍ബിഐ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ പണയ സ്ഥാപനങ്ങള്‍ കനത്ത ഇടിവ് നേരിട്ടു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവ പത്തുശതമാനം വരെയാണ് ഇടിഞ്ഞത്.
ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 30 പൈസയുടെ നഷ്ടത്തോടെ 86.56 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത കാണുന്നുവെന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.
Content Highlights: sensex down 450 pt nifty below 22400