മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ ഇറങ്ങുമോ?; മറുപടി നല്‍കി ഗൗതം ഗംഭീര്‍

ന്യൂസിലാന്‍ഡിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.

dot image

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ യുവ പേസര്‍ ഹര്‍ഷിത് റാണ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവംബര്‍ ഒന്നുമുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ച ഹര്‍ഷിത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍.

'നിങ്ങള്‍ക്ക് ഈ വാര്‍ത്ത എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് എനിക്കറിയില്ല. ഹര്‍ഷിത് റാണയെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബൗളിങ് കോച്ച് മോണ്‍ മോര്‍ക്കലിനൊപ്പം പരിശീലിച്ച് ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം മുംബൈയിലെത്തിയത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കാന്‍ ഹര്‍ഷിത് ഈ സമയം നന്നായി ഉപയോഗിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്', ഗംഭീര്‍ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍.

ഇതിനിടെ ഹർഷിത് റാണയെ അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലെടുത്തതിൽ ആരാധക പ്രതിഷേധവും ഉയർന്നിരുന്നു. ഐപിഎല്ലിന്‍റെ അടുത്ത സീസണിലേക്കുള്ള മെ​ഗാലേലത്തിന് മുമ്പായി ഹർഷിതിനെ ആഭ്യന്തര ക്രിക്കറ്റ് താരമായി നിലനിർത്താൻ കൊൽക്കത്തയ്ക്ക് കഴിയും. പിന്നാലെ നവംബർ ഒന്നിന് ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ​ഹർഷിതിന് ഇന്ത്യൻ ടീമിൽ അരങ്ങേറാനും കഴിയും. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത അൺക്യാപ്ഡ് താരങ്ങളെ നിലനിർത്താൻ ഒരു ടീം നാല് കോടി രൂപ ചെലവഴിച്ചാൽ മതി. ഇതോടെയായിരുന്നു ​ഗംഭീറിനെതിരെ ആരാധകർ പ്രതിഷേധവുമായി എത്തിയത്.

ഗംഭീർ ഇന്ത്യൻ ടീമിനേക്കാൾ പ്രാധാന്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് നൽകുന്നതെന്ന് ആരാധകരിൽ ഒരാൾ പറയുന്നു. ​ഗംഭീർ ഇപ്പോൾ കൊൽക്കത്തയുടെ മെന്ററല്ല, ഇന്ത്യൻ ടീമിന്റെ പരിശീലകനാണെന്ന് വേറൊരു ആരാധകൻ ഓർമിപ്പിക്കുന്നു. ​ഗംഭീർ ചെയ്തത് അൺപ്രൊഫഷണലിസം ആണെന്ന് മറ്റൊരു ​ആരാധകൻ പറയുന്നു.

കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തയുടെ കിരീട നേട്ടത്തിൽ നിർണായക പ്രകടനമാണ് ഹർഷിത് പുറത്തെടുത്തത്. 13 മത്സരങ്ങളിൽ നിന്നായി താരം 19 വിക്കറ്റെടുത്തു. 24.75 കോടിയുടെ താരമായ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നിലനിർത്താൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് അൺക്യാപ്ഡ് താരമായി ഹർഷിത് കൊൽക്കത്തയിൽ നിലനിൽക്കുക.

Content Highlights: Gautam Gambhir confirms Harshit Rana will not take part in Mumbai Test

dot image
To advertise here,contact us
dot image